മാലിന്യമുക്ത നവകേരളം ജില്ലാ നിര്‍വഹണസമിതി യോഗം ചേര്‍ന്നു
1535965
Monday, March 24, 2025 2:01 AM IST
കാസര്‍ഗോഡ്: മാലിന്യ മുക്ത നവകേരളം ജില്ലാ നിര്‍വഹണ സമിതി യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മാലിന്യമുക്ത നവകേരളം ഹരിത പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തി ഹരിത വിദ്യാലയങ്ങള്‍, ഹരിത ഓഫീസുകള്‍, ഹരിത ടൗണുകള്‍, ഹരിത പൊതുവിടങ്ങള്‍, ഹരിത ടൂറിസം കേന്ദ്രങ്ങള്‍, ഹരിത കലാലയങ്ങള്‍, ഹരിത ലൈബ്രറികള്‍ എന്നിവയാണ് വിലയിരുത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍, എംസിഎഫുകള്‍, മിനി എംസിഎഫുകള്‍, വാതില്‍പ്പടി ശേഖരണം, ഹരിത മിത്രം ആപ്പ് തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തി.
തുടര്‍ന്ന് മാര്‍ച്ച് 30നകം എല്ലാ വാര്‍ഡുകളിലും ശുചിത്വ സദസുകള്‍ നടത്തി പ്രഖ്യാപനം നടത്തണമെന്ന് തീരുമാനിച്ചു.ഓരോ വാര്‍ഡിലും നിലവിലുള്ള ശുചിത്വരംഗത്തെ വിടവുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അവ മെഗാ ക്ലീനിംഗിലൂടെ പൂര്‍ത്തിയാക്കണമെന്നും 27നകം ജനകീയമായ ശുചീകരണ പ്രര്‍ത്തനങ്ങള്‍ നടത്തി മുഴുവന്‍ തോടുകളും റോഡ് അരികുകളും വൃത്തിയാക്കണം എന്ന് നിര്‍ദേശിച്ചു.
30ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം ആറുവരെ മുഖ്യമന്ത്രി ശുചിത്വ പ്രഖ്യാപനം നടത്തുമെന്നും സമാനമായി നിലവിലുള്ള അവസ്ഥാ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രഖ്യാപനം നടത്തണമെന്നും നിര്‍ദേശിച്ചു. ഏപ്രില്‍ മൂന്നിന് ബ്ലോക്ക് തലത്തിലും ഏപ്രില്‍ അഞ്ചിന് ജില്ലാതലത്തിലും പ്രഖ്യാപനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, കാസര്‍ഗോഡ് നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ പാദൂര്‍, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എസ്.എന്‍.സരിത, ശുചിത്വ മിഷന് കോഡിനേറ്റര്‍ പി.ജയന്, ജില്ലാപഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി, കെഎസ്ഡബ്ല്യുഎംപി ജില്ലാ പ്രോജക്ട് മാനേജര്‍ മിഥുന് കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജി.സുധാകരന് ശുചിത്വ പ്രഖ്യാപന മാര്‍ഗനിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ഹരിതകേരളം മിഷന് ജില്ലാ കോഓഡിനേറ്റര്‍ കെ.ബലകൃഷ്ണന് സ്വാഗതവും അസി.ഡയറക്ടര്‍ മനോജ് നന്ദിയും പറഞ്ഞു.