തോട്ടിലെത്തുന്ന മലിനജലത്തിന്റെ ഉറവിടം കണ്ടെത്തി പിഴ ചുമത്തി
1534973
Friday, March 21, 2025 2:01 AM IST
കാസര്‍ഗോഡ്: മധൂര്‍ പഞ്ചായത്ത് പരിധിയിലെ ചൂരി തോടില്‍ അജൈവ മാലിന്യങ്ങളും മലിനജലവും കെട്ടിനിന്ന് അസഹ്യമായ ദുര്‍ഗന്ധത്തിനും ആരോഗ്യപ്രശ്നത്തിനും കാരണമാകുന്നുവെന്ന പരാതിയില്‍ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
കാസര്‍ഗോഡ് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള കോംപ്ലക്സില്‍ നിന്നും തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നുമുള്ള ഉപയോഗജലം പ്രത്യേക സംവിധാനമൊരുക്കി കോട്ടക്കണ്ണി- ചൂരി റോഡിന്റെ അരികിലുള്ള പൊതു ഓവുചാലിലൂടെ ഒഴുക്കി വിടുകയാണ് ചെയ്യുന്നത്.
മധൂര്‍ പഞ്ചായത്തില്‍പ്പെട്ട ചൂരി റസ്റ്റോറന്റില്‍ നിന്നും ഏതാനും വീടുകളില്‍ നിന്നുമുള്ള മലിനജലവും ജൈവ അജൈവമാലിന്യങ്ങളും ഡ്രെയിനേജിലൂടെ വിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ നിന്നുള്ള മലിനജലം പൊതു ഡ്രെയിനേജിലേക്ക് ഒഴുക്കി വിട്ടതിന് കോംപ്ലക്സ് ഉടമയ്ക്ക് 25,000 രൂപയും കെട്ടിടത്തിന് 10,000 രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ചൂരിയിലെ കടയ്ക്ക് 5000 രൂപ തത്സമയ പിഴ ചുമത്തി.
ചൂരി തോടിന്റെ സമീപത്തുള്ള ഏതാനും വീട്ടുടമകളില്‍ നിന്നും മലിനജലം തോടിലേക്ക് ഒഴുക്കി വിട്ടതിനും മാലിന്യം തോട്ടില്‍ നിക്ഷേപിച്ചതിനും കേരള പഞ്ചായത്ത് രാജ് ആക്ട് 219 ചട്ട പ്രകാരം തത്സമയ പിഴ ഈടാക്കിയിട്ടുണ്ട്.
മലിനജലം ഡ്രെയിനേജിലേക്ക് ഒഴുക്കിവിടുന്നതിന് തയ്യാറാക്കിയ സംവിധാനം ഒരാഴ്ചക്കുള്ളില്‍ സ്ഥിരതയോടെ നീക്കംചെയ്യുന്നതിന് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കുന്നതിനും ചെയ്യാത്ത പക്ഷം സെക്രട്ടറിമാര്‍ നേരിട്ട് ആയതിനുള്ള നടപടി സ്വീകരിച്ചു ചെലവ് വരുന്ന തുക ബന്ധപ്പെട്ട സ്ഥാപന ഉടമകളില്‍ നിന്നും ഈടാക്കുന്നതിനും സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദിഷ്ട വകുപ്പുകള്‍ പ്രകാരം നിര്‍ദേശം നല്കി. ചൂരി തോടിലേക്ക് വലിച്ചെറിയുന്നതും മലിനജലം ഒഴുക്കിവിടുന്നതും കണ്ടെത്തുന്നതിനായി വരും ദിവസങ്ങളിലും തുടര്‍പരിശോധനകള്‍ ശക്തമാക്കുന്നതാണ്.
പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡര്‍ കെ.വി.മുഹമ്മദ് മദനി, മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആശാമേരി, പഞ്ചായത്ത് ക്ലാര്‍ക്ക് കെ.അശോക് കുമാര്‍, സ്ക്വാഡ് അംഗം ഇ.കെ.ഫാസില്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.