ദേശീയപാത സർവീസ് റോഡിൽ അപകടഭീഷണി ഉയർത്തി കമ്പികൾ
1536321
Tuesday, March 25, 2025 7:25 AM IST
നീലേശ്വരം: പടന്നക്കാട് തോട്ടം ഗേറ്റിന് സമീപം ദേശീയപാത സർവീസ് റോഡിൽ അപകടഭീഷണി ഉയർത്തി കമ്പികൾ. തോട്ടം ജംഗ്ഷനിൽ അടിപ്പാതയ്ക്കു മുകളിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്തുനിന്നാണ് കമ്പികൾ സർവീസ് റോഡിലേക്ക് തള്ളിനിൽക്കുന്നത്. കഴിഞ്ഞയാഴ്ച സർവീസ് റോഡിലൂടെ സഞ്ചരിച്ച ഇരുചക്ര വാഹന യാത്രക്കാരന് ഈ കമ്പിയിൽ തട്ടി പരിക്കേറ്റിരുന്നു. ഭാഗ്യത്തിനാണ് തെറിച്ചുവീണ് അപകടമുണ്ടാകാതിരുന്നത്. ബസ് യാത്രക്കാരുടെ ദേഹത്തുൾപ്പെടെ കമ്പി തുളച്ചുകയറി അപകടമുണ്ടായേക്കാമെന്ന ആശങ്കയുണ്ട്.
ദേശീയപാതയുടെ പണി നടക്കുന്ന മറ്റു പല സ്ഥലങ്ങളിലും പാർശ്വഭിത്തികളിലും ഡിവൈഡറുകളിലും നിന്ന് ഇതുപോലെ കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നുണ്ടെന്ന് വാഹനയാത്രക്കാർ പറയുന്നു. കോൺക്രീറ്റിംഗ് പൂർത്തിയായിക്കഴിഞ്ഞാൽ ഇതുപോലെ തള്ളിനിൽക്കുന്ന കമ്പികൾ മുറിച്ചുമാറ്റുന്ന കാര്യത്തിൽ കരാറുകാർ ജാഗ്രത കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.
അടിപ്പാതയുടെ കോൺക്രീറ്റിംഗ് പൂർത്തിയായിക്കഴിഞ്ഞ തോട്ടം ഗേറ്റിൽ അപകടഭീഷണി ഉയർത്തുന്ന കമ്പികൾ അടിയന്തിരമായി മുറിച്ചുമാറ്റാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെടുന്നു.