ഭരണത്തണലില്‍ സുഖവാസം; പോലീസുകാര്‍ക്ക് ജില്ലാ ആസ്ഥാനം വിടാന്‍ മടി
1535963
Monday, March 24, 2025 2:01 AM IST
കാസര്‍ഗോഡ്: ജില്ല ഹെഡ് കോര്‍ട്ടേഴ്സില്‍ നിന്നും ലോക്കല്‍ സ്റ്റേഷനിലേക്ക് പോകുവാന്‍ പോലീസുകാര്‍ മടിക്കുന്നു. ഇഷ്ട സ്റ്റേഷനുകള്‍ കിട്ടുന്നതുവരെ ഭരണഅനുകൂല പോലീസുകാര്‍ക്ക് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ തുടരാന്‍ അവസരം നല്‍കുന്നത്. ലോക്കല്‍ പോലീസിലേക്ക് പോകേണ്ടി ഇരുന്ന 30 ഓളം പോലീസുകാര്‍ ആണ് പല കാരണങ്ങള്‍ പറഞ്ഞ് ആറുമാസം അവിടെ തന്നെ തുടരാന്‍ അപേക്ഷ നല്‍കിയത്.
നിലവില്‍ ലോക്കല്‍ പോലീസില്‍ ഒഴിവ് വരുന്നത് കാസര്‍ഗോഡ് സബ് ഡിവിഷനിലെ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, ആദൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ്. ഈ സ്റ്റേഷനുകളില്‍ പോസ്റ്റ് ചെയ്യാതിരിക്കാനാണ് ഇപ്പോള്‍ ജില്ലാ ആസ്ഥാനത്ത് തന്നെ നില്‍ക്കുന്നത്. ഏഴു വര്‍ഷക്കാലം നല്ല ഡ്യൂട്ടി മാത്രം എടുത്ത ഇവര്‍ കാഞ്ഞങ്ങാട് സബ് ഡിവിഷനില്‍ ഒഴിവു വരുന്ന സമയം ലോക്കലില്‍ പോവുകയും ചെയ്യുന്നു.
ലോക്കല്‍ ഒര്‍ഡര്‍ ഇറങ്ങുന്ന ദിവസങ്ങളില്‍ ഭരണ അനുകൂല സാഹചര്യം ഉപയോഗിച്ച് ഒഴിവുള്ള സ്റ്റേഷനുകളുടെ ലിസ്റ്റ് അറിയിച്ച അപേക്ഷ എഴുതി വാങ്ങി ആണ് ഈ സാഹചര്യം ഒരുക്കുന്നത്. ഓഫിസ് ഡ്യൂട്ടി ഉണ്ടായിരുന്നവര്‍, ജഡ്ജിന്റെ ഗണ്മാന്മാര് ആയിരുന്നവര്‍, ഇന്റര്‍സെപ്റ്റര്‍ ഡ്യൂട്ടി ഉള്ളവര്‍ എന്നിങ്ങനെ സുഖ ഡ്യൂട്ടിയില്‍ ഉള്ളവരാണ് കൂടുതലും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അപേക്ഷ നല്‍കുന്നത്.
അവസാനം ഇറങ്ങിയ ഓര്‍ഡറില്‍ ഒഴിവുകള്‍ ദൂരെയുള്ള സ്റ്റേഷനുകള്‍ ആയതു കൊണ്ട് പോകാന്‍ മടി കാണിച്ച 10 ഓളം ഭരണകക്ഷി അനുകൂലികളെ ക്യാമ്പില്‍ അനധികൃതമായി നിര്‍ത്തിയ ശേഷമാണ് വിദ്യാനഗര്‍, ബദിയടുക്ക, മേല്‍പറമ്പ് തുടങ്ങിയ ലോക്കല്‍ സ്റ്റേഷനുകളില്‍ ട്രാന്‍സ്ഫര്‍ നിയമനം നടത്തിയത്.
നിലവില്‍ 35 ഓളം പേരാണ് ക്യാമ്പില്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് കാഞ്ഞങ്ങാട് സബ്ബ് ഡിവിഷനിലെ ഒഴിവും കാത്ത് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ തുടരുന്നത്. ഇതുമനസിലാക്കി തുടര്‍ന്നുള്ളവരും ആറുമാസത്തേക്ക് നീട്ടി കിട്ടുവാന്‍ വേണ്ടി അപേക്ഷകള്‍ കൊടുത്തു തുടങ്ങി.