പരപ്പ ബ്ലോക്കിൽ ഭവനപദ്ധതികൾക്ക് 2.65 കോടി
1535812
Sunday, March 23, 2025 7:43 AM IST
പരപ്പ: ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റിൽ വിവിധ ഭവന നിർമാണ പദ്ധതികൾക്ക് 2.65 കോടി രൂപ വകയിരുത്തി. മൊബൈൽ വെറ്ററിനറി ക്ലിനിക് ഉൾപ്പെടെ മൃഗസംരക്ഷണം, കൃഷി, ക്ഷീര വികസനം, വ്യവസായ മേഖലകളിലെ വിവിധ പദ്ധതികൾക്ക് 1.12 കോടി വകയിരുത്തി. വർഷാമൃതം എന്ന പേരിൽ മഴവെള്ള കൊയ്ത്തിനായി നൂതനപദ്ധതി തയ്യാറാക്കും.
കനിവ് എന്ന പേരിൽ പാലിയേറ്റീവ് കെയർ, ഡയാലിസിസ് സെന്റർ പ്രവർത്തനങ്ങൾക്കായും തുക നീക്കി വച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ഭൂപേഷാണ് ബജറ്റ് അവതരിപ്പിച്ചത്. സേവന മേഖലയ്ക്കായി 2.06 കോടി രൂപയുടെയും പശ്ചാത്തല മേഖലയ് ക്കായി 1.07 കോടി രൂപയുടെയും പദ്ധതികളാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
പട്ടികജാതി മേഖലയിൽ മുച്ചക്ര വാഹന വിതരണം, പിഎസ് സി പരിശീലനം തുടങ്ങിയ പദ്ധതികൾക്കായി 14.37 ലക്ഷം രൂപയും പട്ടികവർഗ മേഖലയിൽ ഊര് മഹോത്സവം, പിഎസ് സി പരിശീലനം, സ്മാർട്ട് ഉന്നതി, ട്രൈബൽ ലൈബ്രറികൾക്ക് പുസ്തകം, ഭിന്നശേഷി-മുച്ചക്ര വാഹനം തുടങ്ങിയ പദ്ധതികൾക്കായി 2.19 കോടി രൂപയും നീക്കിവച്ചു.
ആകെ 80,69,76,604 രൂപ വരവും 80,64,06,933 രൂപ ചെലവും 5,69,671 രൂപ നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ. രവി, ടി.കെ. നാരായണൻ, ഗിരിജ മോഹനൻ എന്നിവർ സംബന്ധിച്ചു.