ഇടയിലക്കാട് റോഡിലെ കരിങ്കൽ ചീളുകൾ നീക്കി അരികുറപ്പിച്ചു
1535818
Sunday, March 23, 2025 7:43 AM IST
തൃക്കരിപ്പൂർ: വലിയപറമ്പ് ഇടയിലക്കാട് റോഡിൽ ഇരുചക്രവാഹനങ്ങളെ വീഴ്ത്തുന്ന തരത്തിൽ ഇളകിത്തെറിച്ച കരിങ്കൽ ചീളുകൾ നീക്കി അരിക് ഉറപ്പിച്ചു. ഇതു സംബന്ധിച്ച് ദീപിക നല്കിയ വാർത്തയെ തുടർന്നാണ് നടപടി. ഇടയിലക്കാട് ബണ്ട് കഴിഞ്ഞുള്ള മൂന്ന് വളവുകളിലും കരിങ്കൽ ചീളുകൾ ഇളകി തെറിക്കാത്ത രീതിയിൽ റോഡ് റോളർ ഉപയോഗിച്ച് ഉറപ്പിക്കുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്.
ഇതിനുമുകളിൽ ടാറിംഗും നടത്തും. ഇതുവരെ വലിയ വാഹനങ്ങൾ വളവുകളിലൂടെ കടന്നുപോകുമ്പോൾ കരിങ്കൽ ചീളുകൾ ഇളകി റോഡിലേക്ക് തെറിക്കുന്നത് ഇരുചക്രവാഹനങ്ങൾക്ക് അപകടഭീഷണി ഉയർത്തിയിരുന്നു.
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഇടയിലക്കാട് ബണ്ട് മുതൽ വലിയപറമ്പ് പാലം വരെ മെക്കാഡം ടാറിംഗ് നടത്തുന്നതിനുള്ള പദ്ധതി തയ്യാറായിട്ടുണ്ട്.
ഇതിനുമുമ്പ് വൈദ്യുത തൂണുകൾ റോഡിൽ നിന്നും മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് ഇനി നടക്കാനുള്ളത്.