കടലോര ജനതയ്ക്കും വലിയപറമ്പിനും ഇത് രണ്ടാം നേട്ടം
1535961
Monday, March 24, 2025 2:01 AM IST
തൃക്കരിപ്പൂർ: നാഷണൽ ക്വാളിറ്റി അഷ്വൂറൻസ് സ്റ്റാൻഡേർഡ് അംഗീകാരം രണ്ടാം തവണയും നേടി വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രം. ഇത്തവണ ജില്ലയിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയാണ് എൻക്യുഎസ് സ്വന്തമാക്കിയത്. എട്ട് വിഭാഗങ്ങളിലായി 6500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്.
പടന്നക്കടപ്പുറത്ത് പ്രവർത്തിക്കുന്ന വലിയപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് സ്കോർ മികവിൽ ഒന്നാം സ്ഥാനം ലഭിച്ചു. ലാബ്, ഫാർമസി, അഡ്മിനിസ്ട്രേഷൻ, ഒപി വിഭാഗം, പ്രതിരോധ പ്രവർത്തനങ്ങൾ, പൊതുജനങ്ങളോടുള്ള ഇടപെടൽ തുടങ്ങി നിരവധി മാനദണ്ഡങ്ങളുടെ പരിശോധനയിലാണ് 95.73 സ്കോർ കുടുംബാരോഗ്യ കേന്ദ്രം നേടിയത്. 2025 മുതൽ 2028 വരെയുള്ള മൂന്ന് വർഷം കാലത്തേക്കാണ് ഈ അംഗീകാരം.
ദേശീയ അംഗീകാരത്തിന്റെ മൂന്നാടിയായി ജില്ലാ -സംസ്ഥാന ടീമുകളുടെ പരിശോധന നടത്തിയാണ് മാർക്ക് നൽകി പ്രഖ്യാപനം ഉണ്ടായത്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളും അവയുടെ വിനിയോഗവും കൂടി പരിഗണിച്ചാണ് എൻക്യുഎസ് ലഭിച്ചത്. വലിയപറമ്പ് ഗ്രാമ പഞ്ചായത്തിന്റെ പൂർണ പിന്തുണയിൽ 25 ജീവനക്കാരും
15 ആശവർക്കർമാരുമുൾപ്പെടുന്ന മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീകുമാർ മോഹന്റെ നേതൃത്വത്തിലുള്ള കുടുംബാരോഗ്യ ടീം ഒത്തൊരുമിച്ചപ്പോഴാണ് വീണ്ടും അംഗീകാരം കടലോര പഞ്ചായത്തിനെ തേടിയെത്തിയത്. വിവിധ വാർഷിക പദ്ധതികളിലായി ആരോഗ്യമേഖലയിൽ മാത്രം 60 ലക്ഷം രൂപ വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് മാറ്റി വെക്കുന്നതായും എൻക്യുഎസ് അംഗീകാരം നേടിയതിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുന്നതായും പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ പറഞ്ഞു.