മറ്റപ്പള്ളി വളവിൽ സൂചനാ ബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം നടപ്പായില്ല
1535820
Sunday, March 23, 2025 7:43 AM IST
പറമ്പ: മലയോര ഹൈവേയിൽ മാലോത്തിനും ചെറുപുഴയ്ക്കുമിടയിൽ നിരവധി അപകടങ്ങൾ സംഭവിച്ച മറ്റപ്പള്ളി വളവിൽ സൂചനാബോർഡ് സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പാകാത്തതിൽ പ്രതിഷേധവുമായി ദേശീയ കർഷക രക്ഷാസമിതി. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തേ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നല്കിയിട്ടും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമിതി ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
സൂചനാബോർഡ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ കാഞ്ഞങ്ങാട് കെആർഎഫ്ബി ഓഫീസിനു മുന്നിൽ സമരം നടത്തുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. വനഭൂമി വിട്ടുകിട്ടിയ മരുതോം, കാറ്റാംകവല ഭാഗങ്ങളിൽ മലയോരഹൈവേയുടെ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കാൻ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ദേശീയ കർഷകരക്ഷാസമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകളുടെ ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്കും ധനകാര്യ, പൊതുമരാമത്ത് മന്ത്രിമാർക്കും നിവേദനം നല്കി.
കാറ്റാംകവല ഷാപ്പിന് സമീപം പൊളിഞ്ഞുകിടക്കുന്ന റോഡ് ഉടൻ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജെയ്സൺ മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. ബേബി വെട്ടുകല്ലേൽ, മൈക്കിൾ മാരടി, ടോമി കുര്യാളാനി, ജോസഫ് നെല്ലിവീട്ടിൽ, അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.