വ്യവസായ എസ്റ്റേറ്റിന്റെ ശോച്യാവസ്ഥ നേരിട്ടറിയാന്‍ ജില്ലാ കളക്ടറെത്തി
1534976
Friday, March 21, 2025 2:01 AM IST
കാസര്‍ഗോഡ്: അവഗണന നേരിടുന്ന വിദ്യാനഗര്‍ സിഡ്കോ വ്യവസായ എസ്റ്റേറ്റിന്റെ ശോചനീയാവസ്ഥ നേരിട്ട് മനസിലാക്കാന്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ എസ്റ്റേറ്റ് സന്ദര്‍ശിച്ചു. നമ്മടെ കാസ്രോഡ് വികസന ചര്‍ച്ചയില്‍ കേരള ചെറുകിട വ്യവസായ അസോസിയേഷന് (കെഎസ് എസ്ഐഎ) ജില്ലാ ഭാരവാഹികള്‍ വ്യവസായ എസ്റ്റേറ്റിലെ സംരംഭകരുടെ ദുരിതാവസ്ഥ ബോധ്യപ്പെടുത്തിയതോടെയാണ് വിഷയത്തിന് പരിഹാരം കാണുന്നതിന് സാധ്യത തെളിഞ്ഞത്.
പൊട്ടിപ്പൊളിഞ്ഞ റോഡ്, വെള്ളം, വൈദ്യുതി എന്നിവയുടെ അപര്യാപ്തത, സാമൂഹ്യവിരുദ്ധരുടെ ശല്യം, ഡ്രെയിനേജ് സൗകര്യമില്ലാത്തത്, സെയില്‍ ഡീഡ് നല്‍കുന്നതിലെ അനിശ്ചിതത്വം എന്നിവ കളക്ടറുടെ ശ്രദ്ധയില്‍പെടുത്തി.
കെഎസ്എസ്ഐഎ നേതാക്കളും സിഡ്കോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് ഫോറം ഭാരവാഹികളും കാഞ്ഞങ്ങാട് മിനി എസ്റ്റേറ്റിലെ പട്ടയ പ്രശ്നവും ദേശീയപാതക്ക് വേണ്ടി വിട്ടു നല്കിയ ഭൂമിക്ക് നഷ്ട പരിഹാരം ലഭ്യമാക്കാത്തതടക്കമുള്ള വിഷയങ്ങളും കലക്ടറുടെ മുമ്പാകെ ഉന്നയിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കി.