ഇരുചക്രവാഹനങ്ങൾക്ക് റോഡിൽ അപകടക്കെണി
1534969
Friday, March 21, 2025 2:01 AM IST
തൃക്കരിപ്പൂർ: വിനോദ സഞ്ചാര കേന്ദ്രമായ വലിയപറമ്പിലേക്കുള്ള പ്രവേശന കവാടമായി അറിയപ്പെടുന്ന ഇടയിലെക്കാട്ടിലെ പ്രധാന പാതയിൽ ഇരുചക്രവാഹനങ്ങൾക്ക് അപകടക്കെണി. ഇടയിലെക്കാട്ടിലെ പാതയിൽ വളവുകളിലുൾപ്പെടെ കിളച്ച് ഇട്ട കരിങ്കൽ ചീളുകളിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു. വിനോദസഞ്ചാരികളും വിവിധ സ്കൂളുകളിലെ വിദ്യാർഥികളുമായി പോകുന്ന വാഹനങ്ങളും ഉൾപ്പെടെനൂറു കണക്കിന് വാഹന യാത്രക്കാർ കടന്നു പോകുന്ന പാതയിലാണ് അപകടമുണ്ടാക്കുന്ന തരത്തിൽ കല്ലുകൾ ഇളകി തെറിച്ചിട്ടുള്ളത്.
പാതയുടെ രണ്ട് ഭാഗത്തുമിട്ടിട്ടുള്ള കരിങ്കൽ ചീളുകൾ ഇടയിലെക്കാട് ബണ്ട് കഴിഞ്ഞുള്ള വളവിലും റൈസ് മില്ലിന് മുന്നിലുള്ള വളവിലും ഇടയിലെക്കാട് നാഗം ജംഗ്ഷനിലും വേണുഗോപാല ക്ഷേത്രം വളവിലുമാണ്അപകടക്കെണിയായിട്ടുള്ളത്. കുടിവെള്ള പൈപ്പുകൾ കൊണ്ടുപോകാൻ എടുത്ത കുഴികളിൽ മണ്ണ് മൂടി അതിന് മുകളിൽ അശാസ്ത്രീയമായ രീതിയിൽ കരിങ്കൽ ചീളുകൾ നിരത്തി പോയിട്ട് ആഴ്ചകൾ കഴിഞ്ഞും പണി പൂർത്തിയാക്കാത്തത് മൂലമാണ് ഇളകിതെറിച്ചിട്ടുള്ളത്.
ഇടയിലെക്കാട് റൈസ് മിൽ പരിസരത്തെ വളവിൽ സ്ത്രീ ഓടിച്ച സ്കൂട്ടർ കരിങ്കൽ ചീളുകളിൽ കയറി നിയന്ത്രണം വിട്ട് റോഡിൽ തെന്നി വീഴുകയായിരുന്നു.വളവിലെ കുളത്തിൽ പതിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ്. അപകടം നടന്നു സെക്കൻഡുകൾക്കകം ഇതുവഴി മിനി ബസ് കടന്നു പോകുകയും ചെയ്തു. യാത്രക്കാരിക്ക് നിസാര പരിക്കേറ്റു. കഴിഞ്ഞ ദിവസം യുവാക്കൾ സഞ്ചരിച്ച ബൈക്കും തെന്നി വീണിരുന്നു.
ഇത് വഴി കടന്നുപോകുന്ന ടിപ്പറുകളും ബസുകളും ഉൾപ്പെടെയുള്ളവലിയ വാഹനങ്ങൾ പോകുമ്പോൾ വളവുകളിൽ പാതയുടെ നടുവിലേക്ക് കരിങ്കൽ ചീളുകൾ തെറിച്ചുവീഴുകയാണ്. ഇളകി തെറിച്ച ചീളുകളിൽ ഇരുചക്ര വാഹനങ്ങൾ കയറിയാണ് അപകടമുണ്ടാകുന്നത്. റീ ടാറിംഗ് പ്രവർത്തി മഴക്ക് മുമ്പ് പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇളകി തെറിച്ച കരിങ്കൽ ചീളുകൾ അരികിലേക്ക് മാറ്റി കോൺക്രീറ്റ് ചെയ്തുറപ്പിച്ചില്ലെങ്കിൽ വലിയ ദുരന്തത്തിലാവും കലാശിക്കുക.