അനാവശ്യമായി അനന്തരവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ചോദിക്കുന്ന ു : തഹസില്‍ദാര്‍
1534646
Thursday, March 20, 2025 2:15 AM IST
കാസര്‍ഗോഡ്: ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ ഓഫീസുകള്‍ വസ്തു കൈമാറ്റം ചെയ്യുന്നതിന് അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതു കാരണം ജനങ്ങള്‍ താലൂക്കിലേക്ക് അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിനായി വരുന്നത് പതിവുകാഴ്ചയാണെന്ന് കാസര്‍ഗോഡ് തഹസില്‍ദാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
റവന്യു മാന്വലില്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള ആവശ്യങ്ങള്‍ക്കായാണ് തഹസില്‍ദാര്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടതെന്നും സ്ഥാവര സ്വത്തുക്കളുടെ കൈമാറ്റത്തിന് വേണ്ടി തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി നിഷ്ക്കര്ഷിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അനാവശ്യമായി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതു കാരണം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും ഇത് താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസര്‍ഗോഡ് താലൂക്ക് ഓഫീസില്‍ നിന്നും അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് (ലിഗല്‍ ഹയര്‍ഷിപ്പ്) ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നതായി ആരോപിച്ച് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് തഹസില്‍ദാര്‍ വിശദീകരണം സമര്‍പ്പിച്ചത്.
മരിച്ച സര്‍ക്കാര്‍ ജീവനക്കാരന് അവകാശപ്പെട്ട തുക അവകാശികള്‍ക്ക് ലഭിക്കുന്നതിനോ മരിച്ച സര്‍വീസ് പെന്‍ഷനറുടെ പെന്ഷന് കുടിശ്ശിക അവകാശികള്‍ക്ക് ലഭിക്കുന്നതിനോ ട്രഷറി സേവിംഗ്സ് ബാങ്ക് നിക്ഷേപം നടത്തിയ വ്യക്തി മരിച്ച സാഹചര്യത്തില്‍ നിക്ഷേപതുക അവകാശികള്‍ക്ക് ലഭിക്കുന്നതിനോ വേണ്ടിയാണ് 5 ലക്ഷം രൂപ എന്ന സാമ്പത്തികപരിധിക്ക് വിധേയമായി അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ തഹസില്‍ദാര്‍ക്ക് ചുമതല നല്‍കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാക്കി ആവശ്യങ്ങള്‍ക്ക് സിവില്‍ കോടതികളില്‍ നിന്നുള്ള സക്സഷന്‍ സര്‍ട്ടിഫിക്കറ്റോ എറണാകുളത്തുള്ള അഡ്മിനിസ്ട്രേറ്റര്‍ ജനറലിന്റെ ഓഫീസില്‍ നിന്നുള്ള അഡ്മിനിസ്ട്രേറ്റര്‍ സര്‍ട്ടിഫിക്കറ്റിനോ അപേക്ഷ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കാസര്‍ഗോഡ് മുള്ളേരിയ സ്വദേശി സൂര്യനാരായണ ഭട്ട് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.