പനത്തടി പഞ്ചായത്തിൽ കളിസ്ഥലം നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുത്തു
1534643
Thursday, March 20, 2025 2:15 AM IST
പനത്തടി: പഞ്ചായത്തിൽ കളിസ്ഥലം നിർമിക്കുന്നതിനായി ബളാംതോട് ടൗണിനു സമീപം സ്ഥലം ഏറ്റെടുത്തു. പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവിൽ പദ്ധതിക്കായി ഏറ്റെടുത്ത രണ്ടേക്കർ 10 സെന്റ് സ്ഥലത്തിന്റെ രേഖ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് വസ്തു ഉടമ സുനിൽകുമാറിൽ നിന്ന് ഏറ്റുവാങ്ങി.
പഞ്ചായത്തിന് സ്വന്തമായി കളിസ്ഥലമില്ലാത്തതുമൂലം കേരളോത്സവം നടത്താൻ പോലും ബുദ്ധിമുട്ട് നേരിട്ട സാഹചര്യമായിരുന്നു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ കളിസ്ഥലത്തിന്റെ നിർമാണം നടത്തുമെന്നും അടുത്ത ഘട്ടത്തിൽ സ്റ്റേഡിയം ഉൾപ്പെടെ നിർമിക്കുന്നതിന് സർക്കാർ സഹായം തേടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അറിയിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദ്, എ. രാധാകൃഷ്ണൻ, സുപ്രിയ ശിവദാസ്, പഞ്ചായത്ത് അംഗങ്ങളായ സജിനി മോൾ, സൗമ്യമോൾ, കെ.എസ്. പ്രീതി, എൻ.മഞ്ജുഷ, കെ.കെ. വേണുഗോപാൽ, ആസൂത്രണ സമിതി അംഗം പി. രഘുനാഥ്, ബിഎംസി അംഗം പത്മനാഭൻ കണ്ണോത്ത് എന്നിവർ പങ്കെടുത്തു.