പ്രതിഷേധവുമായി ബാങ്കും റോട്ടറി ക്ലബും; നീലേശ്വരം സ്റ്റേഷനിലെ ഏഴ് ഇരിപ്പിടങ്ങൾ പുനഃസ്ഥാപിച്ചു
1534644
Thursday, March 20, 2025 2:15 AM IST
നീലേശ്വരം: റെയിൽവേ സ്റ്റേഷൻ റോഡും പരിസരവും സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി റോട്ടറി ക്ലബും നീലേശ്വരം സർവീസ് സഹകരണ ബാങ്കും ചേർന്ന് സ്ഥാപിച്ച ഇരിപ്പിടങ്ങൾ എടുത്തുമാറ്റിയ റെയിൽവേ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ബാങ്കും റോട്ടറി ക്ലബും രംഗത്തെത്തി.
ഇതോടെ റെയിൽവേ അധികൃതർ റോട്ടറി ഭാരവാഹികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ ഏഴ് ഇരിപ്പിടങ്ങൾ പഴയ സ്ഥാനത്തുതന്നെ പുനഃസ്ഥാപിച്ചുനല്കി. ബാക്കിയുള്ള ഒൻപതെണ്ണം റെയിൽവേ സ്റ്റേഷന്റെ രണ്ടു പ്ലാറ്റ്ഫോമുകളിലായി സ്ഥാപിച്ചു. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്ന മുതിർന്ന പൗരന്മാരുൾപ്പെടെ അത്യാവശ്യക്കാർക്ക് മാത്രമേ സ്റ്റേഷൻ റോഡിനോടു ചേർന്ന് ഇരിക്കാൻ സൗകര്യമൊരുക്കേണ്ടതുള്ളൂ എന്നാണ് റെയിൽവേയുടെ നിലപാട്.
പാർക്ക് പോലെ ഒരു പൊതുഇടം സൃഷ്ടിക്കപ്പെട്ടാൽ അത് സാമൂഹ്യവിരുദ്ധർ കൈയടക്കുമെന്നും സ്റ്റേഷൻ പരിസരത്ത് രാവും പകലും മറ്റാളുകളുടെ തിരക്കേറുന്നത് യാത്രക്കാർക്ക് അസൗകര്യവും സുരക്ഷാഭീഷണിയും സൃഷ്ടിക്കുമെന്നും റെയിൽവേ അധികൃതർ പറയുന്നു. സ്റ്റേഷനിൽ ട്രെയിൻ കാത്തുനില്ക്കുന്ന യാത്രക്കാർക്ക് അധികസൗകര്യമൊരുക്കാൻ ഈ ഇരിപ്പിടങ്ങൾ ഉപയോഗപ്പെടുത്താമെന്ന നിലപാട് ഒടുവിൽ റോട്ടറി, ബാങ്ക് അധികൃതരും അംഗീകരിക്കുകയായിരുന്നു.