വന്യമൃഗ ആക്രമണങ്ങൾക്കെതിരെ മനുഷ്യപക്ഷം ചേർന്ന് കേരള കോൺഗ്രസ്-എം മലയോരജാഥ
1534642
Thursday, March 20, 2025 2:15 AM IST
ബന്തടുക്ക: വർധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങൾക്കിടയിലും നിയമങ്ങളുടെ പേരിൽ നിസ്സഹായരായിത്തീരുന്ന സാധാരണക്കാരായ മനുഷ്യരുടെ പക്ഷംചേർന്ന് കേരള കോൺഗ്രസ്-എം മലയോരജാഥ. ബന്തടുക്കയിൽ നിന്നാരംഭിച്ച് മാലക്കല്ല്, മാലോം, ചിറ്റാരിക്കാൽ എന്നീ സ്വീകരണകേന്ദ്രങ്ങൾ പിന്നിട്ട് വെള്ളരിക്കുണ്ടിൽ സമാപിച്ച ജാഥയിലെ ജനപങ്കാളിത്തം കർഷകവിരുദ്ധ നിയമങ്ങൾക്കെതിരായ താക്കീതായി.
പാർട്ടി ചെയർമാൻ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ 27 ന് നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായാണ് മലയോരജാഥ സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ നയിച്ച ജാഥ ബന്തടുക്കയിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റ് സണ്ണി പതിനെട്ടിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ നേതാക്കളായ ജോയ് മൈക്കിൾ, ഷിനോജ് ചാക്കോ, ബിജു തൂളിശേരി, ജോസ് കാക്കക്കൂട്ടുങ്കൽ, ബാബു നെടിയകാല, സിജി കട്ടക്കയം, ടിമ്മി എലിപ്പുലിക്കാട്ട്, രാഘവ ചേരാൽ, ജോസ് ചെന്നക്കാട്ട് കുന്നേൽ, ചാക്കോ ആനക്കല്ലിൽ, ടോമി ഈഴറാട്ട്, ജയിംസ് മാരൂർ, മാത്യു കാഞ്ഞിരത്തിങ്കൽ, ഷാജി വെള്ളംകുന്നേൽ, സാജു പാമ്പക്കൻ, ടോമി മണിയൻതോട്ടം, തങ്കച്ചൻ വടക്കേമുറി, ടോമി വാഴപ്പള്ളി, ജോയി തടത്തിൽ, ബേബി പന്തല്ലൂർ, അൻവർ മാങ്ങാട്, അബ്ദുൽ ഖാദർ, പുഷ്പമ്മ ബേബി, ചെറിയാൻ മടുക്കാങ്കൽ, സിദ്ദിഖ് ചേരങ്കൈ എന്നിവർ നേതൃത്വം നല്കി.
1972 കേന്ദ്ര വനനിയമം ഭേദഗതി ചെയ്യുക, വന്യമൃഗങ്ങളെ കാട്ടിൽ തന്നെ ഒതുക്കിനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കാർഷികവിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നല്കുക, മനുഷ്യനുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരത്തുക വർധിപ്പിക്കുക, കിടങ്ങുകളും സൗരോർജ വേലികളും സ്ഥാപിക്കുക, പ്രജനനം മൂലം അമിതമായി വർധിക്കുന്ന മൃഗങ്ങളെ പ്രത്യേകമായി സംരക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിനുള്ള നിയമം കൊണ്ടുവരിക, സ്വയരക്ഷയ്ക്കായി അക്രമകാരികളായ മൃഗങ്ങളെ കൊല്ലുന്നതിന് അനുവാദം നല്കുക എന്നീ ആവശ്യങ്ങളാണ് ജാഥയിൽ പ്രധാനമായും മുഴങ്ങിയത്.