സിപിഎം-ബിജെപി കൂട്ടുകെട്ട് കേരളത്തിന് ദോഷകരം: ഡി.കെ.ശിവകുമാര്‍
1515252
Tuesday, February 18, 2025 2:16 AM IST
സ്വന്തം ലേഖകൻ
കല്യോട്ട് (കാസര്‍ഗോഡ്): സിപിഎം ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്ന രഹസ്യധാരണ ഇന്നു പകല്‍ പോലെ വ്യക്തമാണെന്നും ഇതു കേരളത്തിന് യാതൊരു ഗുണവും ചെയ്യില്ലെന്നും കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ.ശിവകുമാര്‍. കല്യോട്ട് നടന്ന കൃപേഷ്-ശരത്ലാല് അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കല്യോട്ട് ഇരട്ടക്കൊലപാതകം പോലൊരു ക്രൂരകൃത്യം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. മഹത്തായ ജനാധിപത്യത്തിനും എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന ഇന്ത്യന്‍ സംസ്കാരത്തിനും തീരാക്കളങ്കമാണ് അവര്‍ വരുത്തിവച്ചത്.
തെറ്റ് ചെയ്യുന്നവര്‍ക്ക് എല്ലാക്കാലവും മറഞ്ഞിരിക്കാനാകില്ലെന്നും അവര്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നുമുള്ള പ്രകൃതിനിയമത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. കൃപേഷിന്റേയും ശരത്ലാലിന്റേയും ഘാതകര്‍ നീതിന്യായവ്യവസ്ഥയ്ക്കു മുന്നില്‍ കണക്കു പറയേണ്ടിവരിക തന്നെ ചെയ്യും.
കര്‍ണാടക ഉപമുഖ്യമന്ത്രിയായല്ല, 30-40 വര്‍ഷം മുമ്പത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് ഞാനിപ്പോള്‍ ഇവിടെ നില്‍ക്കുന്നത്. എന്എസ്യുഐ ജില്ലാ പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ് താലൂക്ക് പ്രസിഡന്റായും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ യാത്ര തുടങ്ങിയ ഞാന്‍ ഇന്ന് ഇവിടെ എത്തിനില്ക്കാന് കാരണം കോണ്‍ഗ്രസ് പ്രസ്ഥാനത്തോടുള്ള ആത്മാര്‍ഥതയും ഗാന്ധികുടുംബത്തോടുള്ള വിശ്വസ്തതയുമാണ്.
ബംഗളൂരുവിലുള്ള എന്റെ മലയാളി സുഹൃത്തുക്കളോട് സംസാരിച്ചപ്പോള്‍, കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തില്‍ അവര്‍ മടുത്തിരിക്കുകയാണെന്ന് കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. അതിനാല്‍തന്നെ 2026ല്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ എനിക്ക് യാതൊരുസംയവുമില്ല. അതു ക്രിമിനലുകളുടെ സര്‍ക്കാര്‍ ആയിരിക്കില്ല. നാടിന്റെ വികസനമായിരിക്കും ആ സര്‍ക്കാരിന്റെ അജണ്ടയെന്നും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കല്യോട്ട് കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തിറങ്ങുന്നത് ഒരു തരത്തിലും അനുവദിക്കില്ലെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി പറഞ്ഞു. മുപ്പതിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതശരീരം നേരിട്ട് ഏറ്റുവാങ്ങി വിറങ്ങലിച്ച മനസുമായിട്ടാണ് കണ്ണൂരിലെ കോണ്‍ഗ്രസുകാരനായ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി അധ്യക്ഷതവഹിച്ചു. കര്‍ണാടക പിസിസി വര്‍ക്കിംഗ് പ്രസിഡന്റ് മഞ്ജുനാഥ ഭണ്ഡാരി, ഷാഫി പറമ്പില്‍ എംപി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, സോണി സെബാസ്റ്റ്യന്‍, ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, എ.ഗോവിന്ദന് നായര്‍, ഹക്കീം കുന്നില്‍,
റിജില്‍ മാക്കുറ്റി, ബി.പി.പ്രദീപ്കുമാര്‍, ജയിംസ് പന്തമ്മാക്കല്‍, ടോമി പ്ലാച്ചേരി, സാജിദ് മവ്വല്‍, കെ.നീലകണ്ഠന്, ഖാദര്‍ മാങ്ങാട്, എം. സിനാര്‍, പി.വി. സുരേഷ്, ധന്യ സുരേഷ്, ഗീത കൃഷ്ണന്, മിനി ചന്ദ്രന്, ശാന്തമ്മ ഫിലിപ്പ്, ജമീല അഹമ്മദ്, രമേശന് കരുവാച്ചേരി, മുഹമ്മദ് നാലപ്പാട്ട്, കരിമ്പില്‍ കൃഷ്ണന്, കെ.കെ. രാജേന്ദ്രന്, എം.സി.പ്രഭാകരന്, സോമശേഖര ഷേണി, സുന്ദര ആടിക്കാടി, സി.വി. ജയിംസ്, മാമുനി വിജയന്, കെ.വി.സുധാകരന്, കെ.പി. പ്രകാശന്, ടി.എം. ഷാഹിദ്, പി.വി. കൃഷ്ണന്, പി.കെ. സത്യനാരായണന് എന്നിവര്‍ സംബന്ധിച്ചു.
ആവേശമുയര്‍ത്തി ഡികെ
കല്യോട്ട്: ചെങ്കല്‍പാറ നിറഞ്ഞ, കാക്കകാല് തണല്‍ പോലുമില്ലാതെ കുംഭച്ചൂടില്‍ തിളച്ചുമറിയുമ്പോഴും കല്യോട്ട് ഗ്രാമത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തിയെങ്കില്‍ അതിനു കാരണം ദൊഡ്ഡലിഹള്ളി കെംപെഗൗഡ ശിവകുമാര്‍ എന്ന ഡികെയുടെ സാന്നിധ്യം ഒന്നുമാത്രമായിരുന്നു. ഡികെയുടെ കാസര്‍ഗോഡ് ജില്ലയിലെ ആദ്യ പൊതുപരിപാടിയായിരുന്നു കൃപേഷ്-ശരത്ലാല് ആറാം രക്തസാക്ഷിദിനാചരണം. ഉച്ചകഴിഞ്ഞ് മൂന്നിന് പരിപാടി ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആളുകള്‍ ഉച്ചമുതല്‍ തന്നെ എത്തിതുടങ്ങി.
രാജ്മോഹന്‍ ഉണ്ണിത്താനും പി.കെ.ഫൈസലും അടക്കമുള്ള നേതാക്കള്‍ രാവിലെ തന്നെ എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. കല്യോട്ട് കുരിശുപള്ളിക്ക് എതിര്‍വശമാണ് വേദിയൊരുക്കിയത്. വളരെ പെട്ടെന്ന് തന്നെ കസേരകള്‍ നിറഞ്ഞതോടെ ആളുകള്‍ റോഡരികിലും മതിലിന്റെ മുകളിലും സ്ഥാനം പിടിച്ചു. ബംഗളൂരുവില്‍ നിന്നും മംഗളൂരുവിലേക്ക് വിമാനമാര്‍ഗം എത്തിയ ഡികെ അവിടെ നിന്നും കാര്‍ മാര്‍ഗം കല്യോട്ടെത്തിയപ്പോഴേക്കും അഞ്ചുമണിയായിരുന്നു. കാറില്‍ ഡികെയെ പ്രവര്‍ത്തകര്‍ പൊതിഞ്ഞു. കാസര്‍ഗോഡാണ് പരിപാടിയെന്ന് അറിയിച്ചപ്പോള്‍ ടൗണില്‍ ആണെന്നാണ് വിചാരിച്ചിരുന്നതെന്നും ഉള്പ്രദേശമാണെന്നറിഞ്ഞിരുന്നെങ്കില് കുറച്ചുകൂടി നേരത്തെ എത്തിയേനെയെന്നും പറഞ്ഞു.
അരമണിക്കൂറോളം നീണ്ടുനിന്ന പ്രസംഗം പ്രവര്‍ത്തകരില്‍ ആവേശം നിറച്ചു. സാംസ്കാരിക മന്ദിരത്തിനായി തുക അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നിറകൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. 5.45നാണ് കല്യോട്ട് നിന്നും യാത്ര തിരിച്ചത്. രാത്രിയോടെ ജലസേചനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി മംഗളൂരുവില്‍ നിന്നും രാജസ്ഥാനിലേക്ക് വിമാനമാര്‍ഗം യാത്ര തിരിച്ചു.
സാംസ്കാരിക മന്ദിരം നിര്‍മിക്കാന്‍
25 ലക്ഷം പ്രഖ്യാപിച്ച് ഡികെ
കൃപേഷിന്റെയും ശരത്ലാലിന്റെയും സ്മരണയ്ക്കായി കല്യോട്ട് സാംസ്കാരികമന്ദിരം നിര്‍മിക്കാന്‍ 25 ലക്ഷം നല്‍കുമെന്ന് ഡി.കെ.ശിവകുമാര്‍. കോണ്‍ഗ്രസ് നാല്, അഞ്ച് വാര്‍ഡ് കമ്മിറ്റികള്‍ ഇന്നലെ വേദിയില്‍ വച്ചാണ് ഇതുസംബന്ധിച്ച നിവേദനം ഡികെയ്ക്ക് നല്‍കിയത്. തുടര്‍ന്ന് തന്റെ ഉദ്ഘാടനപ്രസംഗത്തില്‍ തന്നെ കര്‍ണാടക പിസിസി 25 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഒരു കോടി രൂപയ്ക്കു മേല്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കെപിസിസിയോടും സഹായം അഭ്യര്‍ഥിച്ചതായി നേതാക്കളായ എം.കെ. ബാബുരാജ്, പദ്മകുമാര്‍ മുരിയാനം എന്നിവര്‍ പറഞ്ഞു.
അപ്രതീക്ഷിത
പരിഭാഷകനായി ഷാഫി
തനിക്ക് ഇംഗ്ലീഷും കന്നഡയും മാത്രമേ അറിയൂവെന്നു പറഞ്ഞാണ് ഡികെ തന്റെ പ്രസംഗം ആരംഭിച്ചത്. എന്നാല്‍ പരിഭാഷയ്ക്കായി സംഘാടകര്‍ ആരെയും നിയോഗിച്ചിരുന്നുമില്ല. പരിപാടി തുടങ്ങുന്നതിനു തൊട്ടുമുമ്പായാണ് ഷാഫി വേദിയിലെത്തിയത്. പ്രസംഗം ഷാഫി പരിഭാഷപ്പെടുത്തണമെന്ന് സദസ് ഒന്നടങ്കം ആവശ്യപ്പെട്ടപ്പോള്‍ യാതൊരു തയാറെടുപ്പുമില്ലാതിരുന്നിട്ടും അദ്ദേഹം സന്തോഷപൂര്‍വം ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.