പരീക്ഷാ പരിഷ്കരണം കുട്ടികൾ ജീവിതത്തിൽ തോൽക്കാതിരിക്കാൻ: മന്ത്രി വി. ശിവൻകുട്ടി
1514544
Sunday, February 16, 2025 1:21 AM IST
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പരീക്ഷാ പരിഷ്കരണങ്ങൾ ഒരു കുട്ടിയേയും തോല്പിക്കാൻ വേണ്ടിയല്ലെന്നും മറിച്ച് അവർ ജീവിതത്തിൽ തോല്‍ക്കാതിരിക്കാൻ വേണ്ടിയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിപിഐ അനുകൂല അധ്യാപകസംഘടനയായ എകെഎസ്ടിയുവിന്റെ 28-ാം സംസ്ഥാന സമ്മേളനത്തിന്റ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കുട്ടികളെ തോല്പിക്കുകയെന്നത് സര്‍ക്കാര്‍ നയമായി സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഓരോ ക്ലാസിലും കുട്ടി നേടേണ്ട ശേഷികൾ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മാറുന്ന ലോകക്രമത്തിന് അനുസരിച്ചുള്ള ശേഷികള്‍ നമ്മുടെ കുട്ടികള്‍ നേടേണ്ടതുണ്ട്.
അധ്യാപന രംഗത്തും പ്രഫഷണല്‍ സമീപനം ഉണ്ടാകണം. മാറുന്ന കാലത്തിനോട് സംവദിക്കാന്‍ പ്രാപ്തിയുള്ള അധ്യാപകരെയാണ് നമുക്കാവശ്യം. പൊതുവിദ്യാലയത്തില്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാത്ത അധ്യാപകരുടെ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ മാറ്റങ്ങള്‍ ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ആറു മാസത്തിനുള്ളില്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എകെഎസ്ടിയു സംസ്ഥാന സെക്രട്ടറി എം. വിനോദ് അധ്യക്ഷത വഹിച്ചു. എസ്സിഇആര്ടി ഡയറക്ടര്‍ ഡോ.ആര്. കെ. ജയപ്രകാശ് മുഖ്യാതിഥിയായി. സംഘാടകസമിതി ചെയര്മാന് ഇ. ചന്ദ്രശേഖരന് എംഎല്‍എ, പിഎഫ്സിടി ജനറല്‍ സെക്രട്ടറി ഹരികുമാര്‍, സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗം ഡോ. എഫ്. വില്‍സണ്‍, പി.എം. ആശിഷ്, പിടവൂര്‍ രമേശ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന പ്രസിഡന്റായി കെ.കെ. സുധാകരനെയും സെക്രട്ടറിയായി ഒ.കെ. ജയകൃഷ്ണനെയും ട്രഷററായി കെ.സി. സ്നേഹശ്രീയെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. പി.എം. ആശിഷ്, എം.എല്‍. ജോര്‍ജ് രത്നം, പി.കെ. സുശീല്‍ കുമാര്‍, എസ്. ജ്യോതി, എന്‍. സി. ഹോച്ചിമിന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ. പദ്മനാഭന്, എം. വിനോദ്, സി.ജെ. ജിജു, എം.എന്‍. വിനോദ്, ബിനു പട്ടേരി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 27 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും 121 അംഗ സംസ്ഥാന കൗണ്‍സിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.