പണം നല്‍കാതെ വഞ്ചിച്ചതായി പരാതി; തൃക്കരിപ്പൂർ പീസ് സ്കൂളിന് മുന്നിൽ ഇരകളുടെ പ്രതിഷേധം
1514534
Sunday, February 16, 2025 1:21 AM IST
തൃക്കരിപ്പൂർ: പീസ് ഇന്റർനാഷണൽ സ്കൂൾ, ആയിറ്റിയിലെ സരഗണ് ഓഡിറ്റോറിയം എന്നിവയ്ക്കായി നിര്‍മാണ സാമഗ്രികളുൾപ്പെടെ വാങ്ങിയതുമായി ബന്ധപ്പെട്ട് പണം നല്‍കാതെ വഞ്ചിച്ചതായി ആരോപിച്ച് സ്കൂളിന് മുന്നിൽ ഇരകളുടെ പ്രതിഷേധം. 48 പേർക്കായി ഇരുപത് കോടിയോളം രൂപ നല്‍കാനുണ്ടെന്നാണ് പരാതി. സ്കൂൾ ചെയർമാൻ പി.കെ.സി. സുലൈമാന്‍ അബൂബക്കറിനെതിരെയാണ് ആരോപണം. കിട്ടാനുള്ള പണം അന്വേഷിച്ചെത്തുന്നവരെ സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കേസുകളിൽ കുടുക്കുന്നതായും ഇവർ ആരോപിച്ചു.
കണ്ണൂര്‍ ചക്കരക്കല്ല് താറ്റ്യോട്ടെ പ്രേമന്റെ കടയില്‍ നിന്ന് കെട്ടിട നിര്‍മാണ സാമഗ്രികള്‍ വാങ്ങിയ വകയിൽ മാത്രം 21 ലക്ഷം രൂപയോളം നല്‍കാനുണ്ടെന്ന് സമരത്തിനെത്തിയ പ്രേമന്റെ ഭാര്യ പ്രവിത പറഞ്ഞു. പ്രേമൻ കഴിഞ്ഞ വര്‍ഷം ഹൃദ്രോഗം മൂലം മരിച്ചതോടെ വീടുതന്നെ ജപ്തി ഭീഷണിയിലാണ്. പ്രേമന്റെ കുടുംബാംഗങ്ങളും സമരത്തില്‍ പങ്കുചേര്‍ന്നു. 25,000 രൂപ മുതൽ രണ്ടു കോടി രൂപ വരെ ലഭിക്കാനുള്ള 20 പേർ ഒത്തുചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്. വരുംദിവസങ്ങളില്‍ കൂടുതൽ പേർ സമരത്തിനെത്തുമെന്ന് സമരത്തിന് നേതൃത്വം നല്കിയ പി.പി. ഷംസീര്‍, പി.വി. ഫൈസല്‍, കെ.പി. ഷമീര്‍, പി.പി. അബ്ദുള്ള, പ്രവിത എന്നിവർ പറഞ്ഞു.
എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ നിന്നുള്ളവരാണ് ഇന്നലെ സമരത്തിനെത്തിയത്. വിവരമറിഞ്ഞ് ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു.