മലയോര ഹൈവേ; ഇടപ്പറമ്പ്-കോളിച്ചാൽ റീച്ചിൽ താത്കാലിക ആശ്വാസം
1515254
Tuesday, February 18, 2025 2:16 AM IST
കുറ്റിക്കോൽ: മലയോരഹൈവേയുടെ ഇടപ്പറമ്പ്-കോളിച്ചാൽ റീച്ചിൽ പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന പരപ്പ-പള്ളഞ്ചി റോഡിന്റെ റീടാറിംഗ് പൂർത്തിയായി. പരപ്പ-കാവുങ്കാൽ റോഡിന്റെ ടാറിംഗും രണ്ടു ദിവസത്തിനകം പൂർത്തിയാകും. മലയോരഹൈവേ വികസനത്തിനായി വനഭൂമി വിട്ടുകിട്ടാത്ത പ്രശ്നത്തെ തുടർന്ന് രണ്ടു റോഡുകളും വർഷങ്ങളായി അറ്റകുറ്റപണികൾ പോലും നടത്താതെ തകർന്നു കിടക്കുകയായിരുന്നു.
കിഫ്ബി ഫണ്ടിൽ നിന്ന് 53 ലക്ഷം രൂപ ചെലവിലാണ് രണ്ട് റോഡുകളുടെയും റീ ടാറിംഗ് നടത്തിയത്. ഈ റോഡുകൾ മലയോര ഹൈവേ നിലവാരത്തിൽ വീതി കൂട്ടി നവീകരിക്കുന്നതിനായി വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ ഇപ്പോൾ അവസാനഘട്ടത്തിലാണ്. ഇവിടെ വിട്ടുകിട്ടുന്ന വനഭൂമിക്ക് പകരം വെള്ളരിക്കുണ്ട് താലൂക്കിലെ മാലോം വില്ലേജിൽ കോട്ടഞ്ചേരി വനമേഖലയുടെ ഉള്ളിലുള്ള 4.332 ഹെക്ടർ റവന്യൂഭൂമി വനംവകുപ്പിന് കൈമാറാൻ സംസ്ഥാന സർക്കാർ അനുമതി നല്കിയിട്ടുണ്ട്. ഈ ഭൂമിയുടെ വിവരങ്ങൾ കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ പര്യാവരൺ പോർട്ടലിൽ അപ് ലോഡ് ചെയ്ത് അംഗീകാരം ലഭിച്ചാലുടൻ വനഭൂമി വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷ.