കാണിയൂർ പാത: രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി
1515257
Tuesday, February 18, 2025 2:16 AM IST
പെരിയ: വർഷങ്ങളായി റെയിൽവേ ബോർഡിന്റെ പരിഗണനയിലുള്ള കാഞ്ഞങ്ങാട്-പാണത്തൂർ-കാണിയൂർ മലയോര റെയിൽപാതയ്ക്ക് കർണാടക സർക്കാരിൽനിന്നുള്ള സമ്മതപത്രം ലഭ്യമാക്കുന്നതിന് രാജ്മോഹൻ ഉണ്ണിത്താൻ എംപി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി. മലയോരത്തിന്റെ സ്വപ്നപദ്ധതി യാഥാർഥ്യമാക്കാൻ ആവശ്യമായതെല്ലാം ചെയ്യണമെന്ന് ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട നിവേദനവും അനുബന്ധ രേഖകളും കല്യോട് രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുക്കാനെത്തിയ ശിവകുമാറിന് കൈമാറി.
കാഞ്ഞങ്ങാട് നിന്ന് പാണത്തൂർ-കാണിയൂർ വഴി ബംഗളൂരുവിലേക്ക് ഏഴു മണിക്കൂറിനുള്ളിൽ എത്താൻ കഴിയുന്ന പാതയുമായി ബന്ധപ്പെട്ട് 2015 ൽ തന്നെ അവസാന സർവേ പൂർത്തിയാക്കിയിട്ടും ഇരുസംസ്ഥാനങ്ങളും ആവശ്യമായ തുടർനടപടികൾ കൈക്കൊള്ളാത്തതു മൂലമാണ് പദ്ധതി നീണ്ടുപോയതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ തുടക്കം മുതൽ ആത്മാർഥമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന അഖിലേന്ത്യാ പ്രഫഷണൽ കോൺഗ്രസ് അംഗവും റിട്ട. എൻജിനിയറുമായ ജോസ് കൊച്ചിക്കുന്നേലിന്റെയും വിവിധ സംഘടനകളുടെയും പ്രയത്നവും ഉണ്ണിത്താൻ എടുത്തുകാട്ടി.