ആത്മവിശ്വാസത്തിന്റെ ആദ്യ ചുവട്; ഐലീഡ് ഉത്പന്നങ്ങള്‍ വിപണിയിലേക്ക്
1515851
Thursday, February 20, 2025 1:45 AM IST
കാസര്‍ഗോഡ്: വേദനകള്‍ക്കിടയിലും സ്വന്തമായി വരുമാനവും സ്വയംപര്യാപ്തത നല്കുന്ന ആത്മവിശ്വാസം. ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ജീവിതപ്രയാസങ്ങള്‍ക്ക് നടുവിലും തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്ന തിരക്കിലാണ്. സ്വന്തം അധ്വാനത്താല്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വിപണിയിലേക്കിറക്കാനുള്ള അവസാന പണിപ്പുരയിലാണ് അവര്‍. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കു സ്വയംതൊഴില്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതിവകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഐ ലീഡ്. 22നു കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിക്കുന്ന ഐലീഡ് ഉത്പന്ന പ്രദര്‍ശനം വിപണനമേളയിലാണ് ഈ ഉത്പന്നങ്ങള്‍ വില്പനയ്ക്ക് വയ്ക്കുന്നത്. രാവിലെ 10നു ജില്ലയിലെ എംഎല്‍എമാര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ കളക്ടറും പങ്കെടുക്കും.
കലയും ഉപജീവനവും ഒരു പോലെ ഇഴകി ചേരുന്ന ഈ പ്രദര്‍ശനം വെറും വിപണനമേളയ്ക്കപ്പുറം , കഴിവുകളുടെയും ദൃഢ നിശ്ചയത്തിന്റെയും സാക്ഷ്യം കൂടിയായി മാറും. പ്രദര്‍ശനത്തില്‍ കാറഡുക്ക, മുളിയാര്‍, പുല്ലൂര്‍-പെരിയ, പനത്തടി, കള്ളാര്‍, ബദിയടുക്ക എംസിആര്‍സികളില്‍ നിര്‍മിച്ച ഉത്പന്നങ്ങളാകും പ്രധാന ആകര്‍ഷണം. സ്വന്തം കരവിരുതില്‍ നെയ്തെടുത്ത ചവിട്ടികള്‍, പരിസ്ഥിതി സൗഹൃദ ഫിനോള്‍ ഉത്പന്നങ്ങള്‍, നോട്ട്ബുക്കുകള്‍, ഇങ്ങനെ നീളുന്നു ഉത്പന്നങ്ങളുടെ പട്ടിക. മുളിയാര്‍ എംസിആര്‍സിയില്‍ നിര്‍മിക്കുന്ന നോട്ട്ബുക്കുകള്‍ വിദ്യാര്തികള്ക്കും ചെറുകിട സംരംഭങ്ങള്‍ക്കും ഒരു പോലെ പ്രയോജനപ്രദമാണ്. മികച്ച നിലവാരം പുലര്‍ത്തുന്ന പേജുകളോടുകൂടിയ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഈ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം നേടുമെന്നാണ് പ്രതീക്ഷ. പുല്ലൂര്‍-പെരിയ എംസിആര്‍സിയില്‍ കൈത്തറി ഉപയോഗിച്ച് നിര്‍മിച്ച ഫ്ലോര്‍ പായകള്‍ പ്രാദേശിക കരവിരുതിന്റെ ഉത്തമ ഉദാഹരണങ്ങളാകും.
പനത്തടി, കള്ളാര്‍, ബദിയടുക്ക എംസിആര്‍സികളില്‍ നിര്‍മ്മിച്ച ത്രീ ഫോള്‍ഡ് കുടകള്‍ വിപണനത്തിനായി സജ്ജമാണ്. മഴയിലും ചൂടിലും മികച്ച പ്രതിരോധ ശേഷിയുള്ള ഈ കുടകള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ടോ ഫോണിലൂടെയോ വാങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.കാറഡുക്ക എംസിആര്‍സിയില്‍ നിര്‍മ്മിച്ച ഫിനോള്‍, ടോയ്ലറ്റ് ക്ലീനര്‍, ഫ്ലോര്‍ ക്ലീനര്‍, ഡിഷ്വാഷര് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കായി സ്ഥിരമായ വരുമാനം സൃഷ്ടിക്കുന്നതിനോടൊപ്പം പാരിസ്ഥിതിക സൗഹൃദ ഉത്പന്നങ്ങള്‍ക്കുള്ള ഉപഭോക്തൃതാല്പര്യത്തെ മുന്നോട്ട് കൊണ്ടുപോകും. 10 കുടുംബങ്ങള്‍ ഇതിനകം ഈ സംരംഭത്തില്‍ നിന്ന് നേരിട്ടു പ്രയോജനം ലഭിച്ചിട്ടുണ്ട്