എംടി സാഹിത്യത്തിന്റെ കാതൽ വേദനിക്കുന്ന ജീവിതങ്ങളോടുള്ള അനുതാപം: കെ.ജയകുമാർ
1514957
Monday, February 17, 2025 2:03 AM IST
പിലിക്കോട്: ഒറ്റപ്പെട്ടതും വേദനിക്കുന്നതുമായ ജീവിതങ്ങളോടുള്ള അനുതാപമാണ് എം.ടി സാഹിത്യത്തിന്റെ കാതൽ എന്നും അതുകൊണ്ടാണ് എംടിയുടെ രചനകൾ കാലാതിവർത്തിയാവുന്നതെന്നും മലയാള സർവകലാശാല പ്രഥമ വൈസ് ചാൻസിലറും എഴുത്തുകാരനുമായ കെ.ജയകുമാർ. പിലിക്കോട് ഫൈൻആർട്സ് സൊസൈറ്റി ഗാന്ധി -നെഹ്റു പഠനകേന്ദ്രം സംഘടിപ്പിച്ച "നിള പിന്നെയും ഒഴുകുന്നു' എന്ന എംടി അനുസ്മരണ പരിപാടി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കരിമ്പാറക്കുള്ളിൽ നീരുറവയുണ്ടെന്ന് അന്വേഷിക്കുകയാണ് ഓരോ എഴുത്തുകാരന്റെയും ധർമമെന്നും അപ്പോൾ മാത്രമേ എഴുത്തുകാരന്റെ ദൗത്യം പൂർത്തീകരിക്കപ്പെടുകയുള്ളൂവെന്നും ജയകുമാർ പറഞ്ഞു. ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് വിനോദ് എരവിൽ അധ്യക്ഷതവഹിച്ചു.
എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഫൈൻ ആർട്സ് ജനറൽ സെക്രട്ടറി എ.വി.ബാബു, വൈസ്പ്രസിഡന്റ് കെ.ടി. ഗോവിന്ദൻ, ട്രഷറർ എ.രമേശൻ, രാധിക രാജൻ എന്നിവർ പ്രസംഗിച്ചു.