ധര്‍മസ്ഥല ക്ഷേത്രത്തിന്റെ പേരില്‍ മൈക്രോ ഫിനാന്‍സ് വായ്പ: കോടികളുടെ വെട്ടിപ്പെന്ന് ആരോപണം
1515260
Tuesday, February 18, 2025 2:16 AM IST
കാസര്‍ഗോഡ്: കര്‍ണാടകയിലെ പ്രശസ്തമായ ധര്‍മസ്ഥല മഞ്ജുനാഥേശ്വര ക്ഷേത്രത്തിന്റെ പേരില്‍ ദക്ഷിണ കന്നടയിലും കാസര്‍ഗോഡ് ജില്ലയിലും നടന്ന മൈക്രോ ഫിനാന്‍സ് വായ്പ തട്ടിപ്പ് കേരള പൊലിസ് അന്വേഷിക്കണമെന്ന് കര്‍മസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുടുംബശ്രീ മാതൃകയിലുള്ള സ്വയം സഹായസംഘങ്ങളുണ്ടാക്കി ശ്രീ ക്ഷേത്ര ധര്‍മസ്ഥല റൂറല്‍ ഡെവലപ്മെന്റ് പ്രോഗ്രാം ബാങ്ക് ബിസിനസ് കറസ്പോന്ഡന്റെ ട്രസ്റ്റിന്റെ (എസ്കെഡിആര്പിബിസി) പേരിലാണ് മൈക്രോ ഫിനാന്‍സ് വായ്പ വിതരണവും പണപ്പിരിവും.
കര്‍ണാടകയിലും കാസര്‍ഗോഡ് ജില്ലയിലുമായി 64 ലക്ഷം പേരെ അംഗങ്ങളാക്കി 10 രൂപ മുതല്‍ 100 രൂപ വരെ ആഴ്ചയില്‍ പണം പിരിച്ചാണ് വായ്പ നല്‍കുന്നത്. ബാങ്ക് അക്കൗണ്ട് പാസ് ബുക്കോ വാങ്ങിയ പണത്തിന് രസീതോ നല്‍കില്ല. ഓണ്‍ലൈന്‍ ഇടപാടുമില്ല. 25,000 കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. ആറുലക്ഷം പേര് കാസര്‍ഗോഡ് ജില്ലയില്‍ വരിക്കാരാണ്. എല്‍ഐസിയുടെ പേരിലും ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പേരിലും പണം വാങ്ങുന്നു. എന്നാല്‍ ഇവരുടെ ആരോഗ്യ കാര്‍ഡ് ഒരു ആശുപത്രിയും സ്വീകരിക്കുന്നില്ല.
കര്‍ണാടകത്തില്‍ ഇവരുടെ മൈക്രോ ഫിനാന്‍സ് വായ്പത്തട്ടിപ്പില്‍ നാലുപേര്‍ ആത്മഹത്യ ചെയ്തെന്നും ഭാരവാഹികള്‍ പറഞ്ഞു. 41 കേസ് എടുത്തിട്ടുണ്ട്. 20 വര്‍ഷത്തിലധികമായി കാസര്‍ഗോഡ് ജില്ലയില്‍ ഈ ട്രസ്റ്റ് സജീവമാണ്. ധര്‍മസ്ഥല ക്ഷേത്രത്തിന്റെയും അധികാരി വീരേന്ദ്ര ഹെഗ്ഡെയുടെയും കുടുംബാംഗങ്ങളുടെയും ചിത്രം പതിപ്പിച്ച പാസ് ബുക്കാണ് പണപ്പിവിരിവിനായി ഉപയോഗിക്കുന്നത്. വായ്പ തട്ടിപ്പ് സമഗ്രമായി അന്വേഷിക്കാന്‍ ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ ഗിരിഷ് മണ്ണട്ടവര്‍, ആര്.ഗിരീഷ് കുമാര്‍, മഹേഷ് ഷെട്ടി, ടി.ജയന്ത്, കെ. അശോക എന്നിവര്‍ സംബന്ധിച്ചു.