ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി
1515845
Thursday, February 20, 2025 1:45 AM IST
കാസർഗോഡ്: തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നല്കുന്ന സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരങ്ങൾ ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങൾ ഏറ്റുവാങ്ങി. ഗുരുവായൂരിൽ നടന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷച്ചടങ്ങിൽ തദ്ദേശ സ്വയംഭരണമന്ത്രി എം.ബി. രാജേഷാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.
ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തിൽ സ്വരാജ് ട്രോഫിയിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും മഹാത്മാ പുരസ്കാരത്തിൽ രണ്ടാം സ്ഥാനവും നേടിയ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് മാധവൻ മണിയറയും ഭരണസമിതി അംഗങ്ങളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ജില്ലാതലത്തിൽ മികച്ച ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം വലിയപറമ്പ് പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് വി.വി. സജീവനും ഭരണസമിതി അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും ഏറ്റുവാങ്ങി. ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയ ചെറുവത്തൂർ പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് സി.വി. പ്രമീളയും സംഘവും മഹാത്മാ പുരസ്കാരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയ പടന്ന പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലവും സംഘവും പുരസ്കാരം ഏറ്റുവാങ്ങി. തുടർച്ചയായി രണ്ടാം വർഷവും സ്വരാജ് പുരസ്കാരം നേടിയതിനൊപ്പം മഹാത്മാ പുരസ്കാരം കൂടി നേടാനായത് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന് ഇരട്ടി നേട്ടമായി. തുടർച്ചയായി മൂന്നാംതവണയാണ് വലിയപറമ്പ് ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം നേടുന്നത്