പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു, എസ്എഫ്ഐ പ്രവർത്തകർക്ക് മർദനം
1514952
Monday, February 17, 2025 2:03 AM IST
പയ്യന്നൂർ: പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ എസ്എഫ്ഐക്കാർ ആക്രമിച്ചെന്നും എസ്എഫ്ഐ പ്രവർത്തകരെ കെഎസ്യുക്കാർ മർദിച്ചെന്നും പരാതി. സംഭവത്തിൽ ഇരുവിഭാഗത്തിലുമുള്ളവർക്കും പരിക്കേറ്റു. യൂത്ത് കോൺഗ്രസ്പയ്യന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അരുൺ ആലയിൽ (27), കെഎസ്യു ജില്ലാ സെക്രട്ടറി ആത്മജ നാരായണൻ (24), എസ്എഫ്ഐ പയ്യന്നൂർ ഏരിയ ജോയിന്റ് സെക്രട്ടറി കെ. അശ്വിൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി കെ.അശ്വിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഹോട്ടലിൽ കയറിയും പിന്നീട് വീട്ടിൽ കയറിയും മർദിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ആത്മജ നാരായണനും കുടുംബവും അരുണും പെരുന്പയിലെ ഹോട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ മർദിച്ചെന്നും പിന്നീട് ആത്മജയെ വീട്ടിലെത്തിച്ച ശേഷം എട്ടംഗ സംഘം പിന്തുടർന്ന് മർദിച്ചെന്നും അരുൺ നൽകിയ പരാതിയിൽ പറയുന്നു. വീടിനടുത്ത് വച്ച് ഇരുന്പ് വടി കൊണ്ട് മർദിക്കുന്നത് തടയാൻ വരുന്പോൾ ആത്മജയെയും വീട്ടുകാരെയും വീട്ടിൽ കയറി മർദിച്ചെന്നും പരാതിയുണ്ട്.
അതേസമയം ഇന്നലെ പുലർച്ചെ ഒന്നരയോടെ എസ്എഫ്ഐ പയ്യന്നൂർ ഏരിയ ജോയിന്റ് സെക്രട്ടറി കെ അശ്വിനെ കെഎസ്യുക്കാർ അക്രമിച്ചെന്നും പരാതിയുണ്ട്. പെരുമ്പ കെഎസ്ആർടിസി ഡിപ്പോയ്ക്ക് എതിർവശത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ സുഹൃത്തുക്കളോടൊപ്പം എത്തിയ അശ്വിനെ അവിടെയുണ്ടായിരുന്ന അരുൺ ആലയിലിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചതായാണ് പരാതി. ഇരുമ്പുദണ്ഡു കൊണ്ട് തലക്കും കൈക്കും കാലിനും അടിക്കുകയായിരുന്നുവന്ന് എസ്എഫ്ഐ ആരോപിച്ചു. മർദനത്തിൽ പ്രതിഷേധിച്ച് കെഎസ്യുവും എസ്എഫ്ഐയും നഗരത്തിൽ പ്രകടനം നടത്തി.