യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചവശനാക്കി കവര്‍ച്ച നടത്തി
1514269
Saturday, February 15, 2025 1:51 AM IST
മഞ്ചേശ്വരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കി കവര്‍ച്ച നടത്തി. മഞ്ചേശ്വരം കടമ്പാര്‍ അരിമല സ്വദേശി എ.പ്രവീണ്‍ (32) ആണ് അക്രമത്തിനിരയായത്. ഇയാളുടെ ഒരു പവന് മാലയും 12,000 രൂപ അങ്ങിയ പഴ്സും മൊബൈല്‍ ഫോണും കൈക്കലാക്കി അക്രമികള്‍ കവര്‍ന്നു. കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ കഴിയുന്ന പ്രവീണ്‍ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ-'വ്യാഴാഴ്ച വൈകുന്നേരം അരിമലയില്‍ നില്ക്കുന്നതിനിടയില് കാര്‍, ഓട്ടോ, ബൈക്ക് എന്നിവയിലെത്തിയ ഒരു സംഘം ആള്ക്കാര് തന്നെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോയിലേക്ക് വലിച്ചുകയറ്റികൊണ്ടുപോയി. ഓട്ടോയില്‍ വച്ചും മര്‍ദ്ദനം തുടര്‍ന്നു. വൈകുന്നേരം ബന്തിയോട് അടുക്ക വീരനഗറില്‍ എത്തിച്ചും ക്രൂരമായി മര്‍ദ്ദിച്ചു. അതിനു ശേഷം കഴുത്തിലുണ്ടായിരുന്ന മാലയും പോക്കറ്റിലുണ്ടായിരുന്ന പഴ്സും മൊബൈല്‍
ഫോണും കൈക്കലാക്കി അക്രമി സംഘം രക്ഷപ്പെട്ടു. സ്ഥലവാസികളുടെ സഹായത്തോടെ ഹൊസങ്കടിയിലുള്ള സുഹൃത്തിന്റെ അടുത്തേക്ക് പോയി. സുഹൃത്താണ് ആശുപത്രിയില്‍ എത്തിച്ചത്. അക്രമത്തിനു കാരണം അറിയില്ല.' സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അക്രമികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും മഞ്ചേശ്വരം പോലീസ് പറഞ്ഞു.