പയ്യന്നൂരില്‍ ആറു വര്‍ഷമായി പ്രവര്‍ത്തിച്ചത് വ്യാജ ലീഗല്‍ സര്‍വീസ് സൊസൈറ്റി
1514543
Sunday, February 16, 2025 1:21 AM IST
പയ്യന്നൂര്‍: വധശ്രമക്കേസിലെ പ്രതി ലീഗല്‍ സര്‍വീസസ് മൂവ്മെന്റ് എന്ന വ്യാജസ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നതായി പരാതി. പുളിങ്ങോം വാഴക്കുണ്ടം സ്വദേശിയും പയ്യന്നൂര്‍ സിറ്റി സെന്ററില്‍ എം. സ്റ്റാര്‍ സര്‍വീസസ് എന്ന സേവന കേന്ദ്രം നടത്തുന്നയാളുമായ പി.എ. സുമേഷാണ് പയ്യന്നൂര്‍ എസ്എച്ച്ഒയ്ക്ക് പരാതി നല്‍കിയത്.
പരാതിക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ റിമാൻഡില്‍ കഴിയുന്ന സിബി ഡൊമിനിക് എന്ന സിബി വെട്ടം, മകന് മിഥുന് എസ്. വെട്ടം, അറിയപ്പെടുന്ന അഭിഭാഷകരായ തിരുവനന്തപുരത്തെ അഡ്വ. പി.കെ. പദ്മകുമാര്‍, കോട്ടയത്തെ അഡ്വ. വി.ജെ. ജോസഫ്, കോഴിക്കോട്ടെ അഡ്വ. വി.കെ. സുരേഷ് എന്നിവര്‍ക്കെതിരേയാണ് പരാതി.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വെട്ടം സിബിയും മകനും മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും ദ്രോഹിച്ചും പണം കൊള്ളയടിക്കണമെന്നുള്ള ഉദ്ദേശത്തോടെ അഭിഭാഷകരുമായി ഗൂഡാലോചന നടത്തി വ്യാജ കെട്ടിട നമ്പര്‍ കാണിച്ച് ലീഗല്‍ സര്‍വീസസ് മൂവ്മെന്റ് എന്ന സ്ഥാപനം അനധികൃതമായി നടത്തിവരികയാണെന്ന് പരാതിയില്‍ പറയുന്നു. മകന്റെ പേരില്‍ നിലവില്‍ പയ്യന്നൂര്‍ സിറ്റി സെന്റര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന 3, 6, 9 ഫൈനാന്‍സിയേഴ്സ് എന്ന പേരിലുള്ള സാമ്പത്തിക സ്ഥാപനത്തിന്റെ മറവിലാണ് വെട്ടം സിബി സെക്രട്ടറിയും മകന് ട്രഷററുമായി 2019 മുതല്‍ ഈ അനധികൃത ലീഗല്‍ സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തിച്ചു വരുന്നതെന്നാണ് പറയുന്നത്.
ഇവര്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അമിതമായി പണം വാങ്ങുന്നതായും പോലീസ് സ്റ്റേഷനുകളിലും കോടതികളിലും മറ്റ് അധികാര സ്ഥാപനങ്ങളിലും വ്യാജ കോടതിയുടെ പേരില്‍ വിവരാവകാശ അപേക്ഷകള്‍ കൊടുത്ത് എതിര്‍കക്ഷികളേയും മറ്റും ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും പണം കൈപ്പറ്റി പൊതുജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ അച്ഛനും മകനും കഴിഞ്ഞ ജൂലൈ 20 ന് ലീഗല്‍ സര്‍വീസസ് മൂവ്മെന്റ് എന്ന സ്ഥാപനം നിയമ പ്രകാരം ഉള്ളതാണെന്നും ഇതിന്റെ മെംബര്‍മാര്‍ കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകരുമാണെന്ന് തെറ്റിദ്ധരിപ്പിച്ചും നിയമ സഹായം വാഗ്ദാനം ചെയ്തും തന്നില്‍നിന്ന് 30,000 രൂപ വാങ്ങിയിരുന്നതായും പരാതിയിലുണ്ട്.
എന്നാല്‍, നിയമസഹായം നല്‍കാതെ കോഴിക്കോട് തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനില്‍ വ്യാജ കോടതിയുടെ പേരില്‍ പ്രതികള്‍ വ്യാജ ലെറ്റര്‍പാഡില്‍ പേരെഴുതി ഒപ്പുവച്ച് ഓഫീസ് സീല്‍ പതിപ്പിച്ച് വിവരാവകാശ അപേക്ഷ നല്‍കിയതിന്റെ ഒരു കോപ്പി മാത്രം തനിക്ക് അയച്ചുതരികയാണ് ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഈ മാസം എട്ടിന് രാത്രി പരാതിക്കാരനായ സുമേഷിന്റെ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ ഹാഷിം കുണിയ, മുഖത്ത് ടവല്‍ കെട്ടിയ അജ്ഞാതന്‍ എന്നിവര്‍ ചേര്‍ന്ന് സുമേഷിനെ സോഡാ കുപ്പി കൊണ്ട് തലയില്‍ അടിക്കുകയും കത്തികൊണ്ട് പള്ളയ്ക്കും നെഞ്ചിലും കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
സിബി നടത്തുന്ന ലീഗല്‍ സര്‍വീസ് സൊസൈറ്റി വ്യാജമാണെന്നും അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നു പറയുന്നു. വെട്ടം സിബിയുടെ നിര്‍ദേശ പ്രകാരമാണ് വധശ്രമം നടന്നതെന്ന സുമേഷിന്റെ പരാതിയില്‍ അറസ്റ്റിലായ സിബി ഇപ്പോള്‍ റിമാൻഡില്‍ കഴിയുകയാണ്.