കശുവണ്ടിയില്‍ കാശുവാരി പ്ലാന്റേഷന് കോര്പറേഷന്
1515847
Thursday, February 20, 2025 1:45 AM IST
കാസര്‍ഗോഡ്: കശുവണ്ടി ലേലത്തില്‍ പ്ലാന്റേഷന് കോര്പറേഷന് ലോട്ടറി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ജില്ലയിലെ മൂന്ന് എസ്റ്റേറ്റുകളില്‍ നിന്നായി 89 ലക്ഷം രൂപയുടെ അധിക വരുമാനമാണു കോര്‍പറേഷനു ലഭിച്ചത്. 12 വര്‍ഷത്തിനു ശേഷം കശുമാവുകള്‍ക്കു വളമിട്ടതിനെ തുടര്‍ന്നുണ്ടായ ഉത്പാദന വര്‍ധനയും കശുവണ്ടിയുടെ വില ഉയര്‍ന്നതും തോട്ടങ്ങള്‍ക്കു ലേലത്തില്‍ ഉയര്‍ന്നവില ലഭിക്കാന്‍ കാരണമായി. അധികവരുമാനം ലക്ഷ്യമിട്ടു തുടങ്ങിയ സംരംഭങ്ങള്‍ കാര്യമായ നേട്ടമുണ്ടാക്കാത്ത പശ്ചാത്തലത്തില്‍, കശുവണ്ടി ലേലത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചത് കോര്‍പറേഷനു വലിയ ആശ്വാസമാണ്.
കാസര്‍ഗോഡ് എസ്റ്റേറ്റില്‍ മാത്രം 68 ലക്ഷം രൂപയാണു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ലഭിച്ചത്. ചീമേനിയില്‍ 11 ലക്ഷം രൂപയും രാജപുരത്ത് 10 ലക്ഷം രൂപയും അധികം ലഭിച്ചു. ഇത്തവണ എല്ലാ തോട്ടങ്ങളും ലേലത്തില്‍ പോവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് എസ്റ്റേറ്റിലെ ആദൂര്‍ ഉള്‍പ്പെടെ പകുതിയോളം തോട്ടങ്ങള്‍ ലേലത്തിനെടുക്കാന്‍ ആളില്ലാത്തതിനാല്‍ കോര്പറേഷന് നേരിട്ടു തൊഴിലാളികളെ നിയമിച്ചു കശുവണ്ടി ശേഖരിക്കുകയായിരുന്നു.
കാടുവെട്ടലും വളപ്രയോഗവും സമയബന്ധിതമായി നടത്തിയതിനാല്‍ ഈ വര്‍ഷം കാര്യമായ വിളവുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി കാടുവെട്ടി വളപ്രയോഗം നടത്തുകയും ഇതിന്റെ നേട്ടം ലഭിക്കുകയും ചെയ്തു. അധികവരുമാനം ലക്ഷ്യമിട്ടു പെര്‍ളയിലെ ഉക്കിനടുക്കയില്‍ ആരംഭിച്ച ഹൈടെക് ഡയറി ഫാം പിസികെയ്ക്കു വലിയ നഷ്ടമുണ്ടാക്കിയിരുന്നു. ഇപ്പോഴിതു നടത്തിപ്പിനായി കരാര്‍ നല്‍കിയിരിക്കുകയാണ്. അതേപോലെ കശുമാങ്ങയുടെ പാനീയമായ ഒസിയാനയില്നിന്നു പ്രതീക്ഷിച്ച വരുമാനം ലഭിച്ചു തുടങ്ങിയില്ല.
വിലയിലും അപ്രതീക്ഷിത കുതിപ്പ് കശുവണ്ടി വിലയില്‍ അപ്രതീക്ഷിത കുതിപ്പ് 150 രൂപയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ വര്‍ഷം 115 രൂപയായിരുന്നു വില. സീസണിന്റെ അവസാനമായപ്പോള്‍ അതിലും കുറഞ്ഞിരുന്നു. കാലാവസ്ഥ പൊതുവില്‍ അനുകൂലമായതിനാല്‍ ഇത്തവണ ഉത്പാദനത്തില്‍ കാര്യമായ കുറവില്ല. വിലയിടിവുണ്ടായില്ലെങ്കില്, ഇത്തവണ കശുവണ്ടി കര്‍ഷകര്‍ക്കു നഷ്ടക്കണക്ക് പറയേണ്ടി വരില്ല.