അക്രമരാഷ്ട്രീയത്തിനെതിരെ നൃത്തശില്പവുമായി ജവഹർ ബാൽമഞ്ച്
1514956
Monday, February 17, 2025 2:03 AM IST
നീലേശ്വരം: ശരത് ലാലിന്റെയും കൃപേഷിന്റെയും രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പെരിയ നൊമ്പരം എന്ന പേരിൽ അക്രമരാഷ്ട്രീയത്തിനെതിരായ നൃത്തശില്പവുമായി ജവഹർ ബാൽമഞ്ച് ജില്ലാ കമ്മിറ്റി. നീലേശ്വരത്തുനിന്ന് കല്യോട്ടേക്കുള്ള നൃത്തശില്പത്തിന്റെ പ്രയാണം കെപിസിസി നിർവാഹകസമിതി അംഗം ഹക്കിം കുന്നിൽ ഫ്ളാഗ് ഓഫ് ചെയ്തു. ബാൽ മഞ്ച് ജില്ലാ ചെയർമാൻ ഷിബിൻ ഉപ്പിലിക്കൈ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട്, മൂലക്കണ്ടം, പെരിയ എന്നിവിടങ്ങളിൽ നൃത്തസംഘത്തിന് സ്വീകരണം നല്കി. ജവഹർ ബാൽ മഞ്ചിന്റെ ഉദുമ മണ്ഡലം ചെയർമാനായിരുന്ന ശരത് ലാലും സജീവ പ്രവർത്തകനായിരുന്ന കൃപേഷും കുട്ടികളുടെ കലാകായിക സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ വഹിച്ച പങ്ക് കൂടി ഓർത്തെടുത്തുകൊണ്ടാണ് നൃത്തശില്പം വേദികളിലെത്തിയത്. ജവഹർ ബാൽ മഞ്ച് കല്യോട്ട് യൂണിറ്റിലെ കുട്ടികളെ അണിനിരത്തിക്കൊണ്ട് അജാനൂർ മണ്ഡലം ചെയർമാനും നൃത്തസംവിധായകനുമായ ശ്രീരേഷ് രത്നാകരനാണ് നൃത്തശില്പം അണിയിച്ചൊരുക്കിയത്.
കല്യോട്ട് നടന്ന സമാപന സമ്മേളനം യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, എം. അസിനാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ പെരിയ, ബാൽ മഞ്ച് സംസ്ഥാന കോ-ഓർഡിനേറ്റർ വി.വി. നിഷാന്ത്, കുട്ടിക്കൂട്ടം ജില്ലാ പ്രസിഡന്റ് മയൂഖ, ജനറൽ സെക്രട്ടറി അഭിജിത്ത്, സാനിയ, എറുവാട്ട് മോഹനൻ, രജിത രാജൻ, മൈനോരിറ്റി കോൺഗ്രസ് ജില്ലാ ചെയർമാൻ സിജോ അമ്പാട്ട്, നീലേശ്വരം നഗരസഭ കൗൺസിലർ ഇ. ഷജീർ, ശബരീനാഥ് കോടോത്ത്, നിഷാന്ത് പ്ലാവിലായ എന്നിവർ വിവിധയിടങ്ങളിലായി പ്രസംഗിച്ചു.