അതിർത്തിയിൽ പോലീസ് സ്റ്റേഷൻ ശിപാർശ ചെയ്തിട്ട് ആറുവർഷം
1514953
Monday, February 17, 2025 2:03 AM IST
മഞ്ചേശ്വരം: ജില്ലയുടെ വടക്കേയറ്റത്ത് സംസ്ഥാന അതിർത്തിമേഖലയിലെ സവിശേഷ സാഹചര്യങ്ങൾ പരിഗണിച്ച് പുതിയൊരു പോലീസ് സ്റ്റേഷനും കൺട്രോൾ റൂമും അഞ്ചിടങ്ങളിൽ പോലീസ് എയ്ഡ് പോസ്റ്റുകളും തുടങ്ങണമെന്ന ശുപാർശ ജില്ലാ പോലീസ് ആസ്ഥാനത്തുനിന്ന് സംസ്ഥാന പോലീസ് മേധാവി മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ട് ആറുവർഷമാകുന്നു. ഇതിൽ പൈവളികെ ആസ്ഥാനമായി പോലീസ് സ്റ്റേഷൻ തുടങ്ങുന്ന കാര്യത്തിൽ മാത്രമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രഖ്യാപനമുണ്ടായത്. അതുതന്നെ ഇതുവരെ നടപ്പായിട്ടുമില്ല.
നാദാപുരത്ത് തുടങ്ങിയ മാതൃകയിൽ ഉപ്പളയിൽ ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള കൺട്രോൾ റൂം തുടങ്ങണമെന്നും ജില്ലയ്ക്ക് 75 പേർ വിതമുള്ള രണ്ട് കമ്പനി പോലീസിനെയും 15 ജീപ്പുകളും 20 ബൈക്കുകളും അനുവദിക്കണമെന്ന ആവശ്യവും അന്നത്തെ ജില്ലാ പോലീസ് മേധാവി ഡോ.എ. ശ്രീനിവാസ് തയ്യാറാക്കി സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. കർണാടകയുമായി അതിർത്തി പങ്കിടുന്ന അഞ്ച് കേന്ദ്രങ്ങളിലെങ്കിലും എയ്ഡ് പോസ്റ്റുകൾ തുറക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിരുന്നു.
കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളുമായി കൂടിക്കുഴയുന്ന ക്രിമിനൽ പ്രവർത്തനങ്ങളും ലഹരിവസ്തുക്കളുടെ കടത്തും ഇവയെല്ലാം ഏതുനിമിഷവും വർഗീയ സംഘർഷങ്ങളിലേക്ക് വഴിമാറാവുന്ന സാഹചര്യവും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
ഓരോ ആഴ്ചയും ശരാശരി നൂറിനടുത്ത് കേസുകളാണ് മഞ്ചേശ്വരം സ്റ്റേഷനിൽ മാത്രം രജിസ്റ്റർ ചെയ്യുന്നത്. കുമ്പളയിലും ഏതാണ്ട് അത്രതന്നെ ഉണ്ടാകുന്നുണ്ട്.
പ്രധാന പാതകൾക്കു പുറമേ നിരവധി ഇടറോഡുകളും ഊടുവഴികളുമുള്ളതിനാൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് എളുപ്പത്തിൽ കർണാടകയിലേക്ക് കടക്കാനാകുമെന്ന നിലയാണ്. അതിർത്തി കടന്ന് എംഡിഎംഎ അടക്കമുള്ള ലഹരിപദാർഥങ്ങളുടെ കടത്തും കർണാടക മദ്യത്തിന്റെ കടത്തും ജില്ലയ്ക്കകത്തു തന്നെയുള്ള മണൽകടത്തുമെല്ലാം സജീവമാണ്. ഇവയെല്ലാം കൈകാര്യം ചെയ്യാൻ വിപുലമായ സംവിധാനങ്ങളുമായി നാൾക്കുനാൾ പെരുകുന്ന ക്രിമിനൽ സംഘങ്ങളെ നേരിടാൻ പോലീസിന്റെ അംഗബലവും സംവിധാനങ്ങളും മതിയാകാത്ത നിലയാണ്. പ്രായപൂർത്തിയാകാത്ത കൗമാരകകാർ പോലും എളുപ്പത്തിൽ ഇവരുടെ വലയിൽ വീഴുന്നു. പോലീസിന് പെട്ടെന്നൊന്നും എത്താൻ കഴിയില്ലെന്ന ധൈര്യത്തോടെ കൈയിൽ ആയുധങ്ങളും ലഹരവസുക്കളുമായി നാട്ടുകാരെ പരസ്യമായി വെല്ലുവിളിക്കുന്ന ക്രിമിനൽ സംഘങ്ങൾ അതിർത്തിമേഖലയിലെ പതിവകാഴ്ചയാണ്.
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് റെയിൽപാതയ്ക്കും ദേശീയപാതയ്ക്കും പടിഞ്ഞാറുവശത്താണ്. അടഞ്ഞുകിടക്കുന്ന റെയിൽവേ ഗേറ്റുകളും പണി നടക്കുന്ന ദേശീയപാതയും കടന്ന് മലയോരമേഖലയിലും ഉൾപ്രദേശങ്ങളിലും എത്തിപ്പെടുകയെന്നതുതന്നെ പോലീസിന് വെല്ലുവിളിയാണ്. ആകെ 24 വില്ലേജുകളാണ് ഈ സ്റ്റേഷന്റെ പരിധിയിലുള്ളത്. ഇവയിൽ ഒട്ടുമുക്കാലും സ്ഥിതിചെയ്യുന്നത് മലയോരത്തും ഉൾപ്രദേശങ്ങളിലുമാണ്. ബായാർ പോലുള്ള സ്ഥലങ്ങളിലേക്ക് സ്റ്റേഷനിൽ നിന്ന് 25 കിലോമീറ്റർ ദൂരമുണ്ട്. പലയിടങ്ങളിലേക്കും നേരിട്ടെത്താൻ കഴിയുന്ന റോഡുകൾ പോലുമില്ല. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ സ്റ്റേഷനും കൺട്രോൾ റൂമും എയ്ഡ് പോസ്റ്റുകളും തുടങ്ങണമെന്ന ആവശ്യം 2019 ൽ തന്നെ ജില്ലാ പോലീസ് ആസ്ഥാനത്തുനിന്ന് സമർപ്പിച്ചത്.