സര്‍ക്കാര്‍ ഓഫീസുകളില്‍ മലയാളത്തില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടി
1515854
Thursday, February 20, 2025 1:45 AM IST
കാസര്‍ഗോഡ്: ഭാഷന്യൂനപക്ഷ മേഖലയില്‍ ഒഴികെ ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഫയലുകള്‍ ഔദ്യോഗിക ഭാഷയില്‍, മലയാളത്തില്‍ പൂര്‍ണമായും കൈകാര്യം ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായി ജില്ലാതല ഔദ്യോഗിക ഭാഷാ സമിതി യോഗം വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി.എന്‍.വിജയന് അധ്യക്ഷതവഹിച്ചു.
ഔദ്യോഗിക ഭരണഭാഷ വകുപ്പിലെ ഭാഷാ വിദഗ്ധന്‍ ഡോ.ആര്.ശിവകുമാര്‍ സംസാരിച്ചു. 2022 മുതല്‍ പ്രാബല്യത്തിലുള്ള മലയാളത്തിന്റെ എഴുത്ത് രീതി സര്‍ക്കാര്‍ ഫയലുകളില്‍ അവലംബിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെ ഔദ്യോഗിക ഭാഷ പുരോഗതി വിവരങ്ങള്‍ അവലോകനം ചെയ്തു. ഭാഷന്യൂനപക്ഷ മേഖലയില്‍ ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഫയലുകളില്‍ കൃത്യവും ലളിതവുമായ വാക്കുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.