വനമേഖലയിലും സർവേ; കാസർഗോഡ് ബോക്സൈറ്റ് ഖനനത്തിന് വീണ്ടും നീക്കം
1515846
Thursday, February 20, 2025 1:45 AM IST
കാസർഗോഡ്: ജില്ലയിൽ ബോക്സൈറ്റ് ഖനനം തുടങ്ങാനുള്ള നീക്കം വീണ്ടും സജീവമാകുന്നു. മഞ്ചേശ്വരം താലൂക്കിലെ ബദിയടുക്ക, എൻമകജെ വില്ലേജുകളിലായി 2.8 ചതുരശ്ര കിലോമീറ്റർ സ്ഥലത്തും കാസർഗോഡ് താലൂക്കിലെ മുള്ളേരിയ വില്ലേജിൽ 1.5 ചതുരശ്ര കിലോമീറ്റർ സ്ഥലത്തുമാണ് സംസ്ഥാന ജിയോളജി ആൻഡ് മൈനിംഗ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ ഭൂമി തുരന്ന് പരിശോധന തുടങ്ങിയത്.
ഈ സർവേയിലൂടെ ബോക്സൈറ്റിന്റെ സാന്നിധ്യവും ഏകദേശ അളവും സ്ഥിരീകരിച്ചുകഴിഞ്ഞാൽ ഖനന അവകാശം ലേലം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് ലേല നടപടികൾ നടത്തുക. സർക്കാർ ഏജൻസികൾക്കും സ്വകാര്യ കമ്പനികൾക്കും ലേലത്തിൽ പങ്കെടുക്കാം.
വർഷങ്ങൾക്കു മുമ്പ് വിഎസ് സർക്കാരിന്റെ കാലത്ത് കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പാറപ്രദേശങ്ങളിൽ ബോക്സൈറ്റിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഖനന നീക്കം തുടങ്ങിയിരുന്നു. ഗുജറാത്തിൽ നിന്നുള്ള ആശാപുര എന്ന കമ്പനിയാണ് ഖനനം നടത്തുന്നതിനുള്ള അവകാശം ലേലം വിളിച്ചെടുത്തത്. തുടർന്ന് സമാനതകളില്ലാത്ത സമരപരമ്പരകൾക്കാണ് പ്രദേശം വേദിയായത്. ഒടുവിൽ സർക്കാരും കമ്പനിയും ഖനനനീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
അലൂമിനിയം, സിമന്റ് എന്നിവയുടെ നിർമാണത്തിനുപയോഗിക്കുന്ന പ്രകൃതിദത്ത ധാതുവാണ് ബോക്സൈറ്റ്. കഴിഞ്ഞ മൂന്നു ദശകങ്ങളായി രാജ്യത്തെവിടെയും വലിയ തോതിലുള്ള ബോക്സൈറ്റ് ശേഖരം കണ്ടെത്താനായിട്ടില്ല. താരതമ്യേന ചെറിയ തോതിലാണെങ്കിലും ബോക്സൈറ്റ് ശേഖരം കണ്ടെത്താനായ 30 ഇടങ്ങളിലൊന്നാണ് കാസർഗോഡ് ജില്ല.
മുള്ളേരിയ ബ്ലോക്കിൽനിന്നുമാത്രം 0.2113 ദശലക്ഷം ടൺ ഹൈ ഗ്രേഡ് ബോക്സൈറ്റും 5.1417 ദശലക്ഷം ടൺ അലൂമിനിയം ലാറ്ററൈറ്റും ലഭ്യമാക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബദിയടുക്ക-എൻമകജെ മേഖലയിൽ നിന്ന് ഇതിലുമധികം ലഭ്യമാക്കാനാകുമെന്നാണ് കരുതുന്നത്.
അതേസമയം കാറഡുക്ക വനമേഖലയുടെ ഉള്ളിലാണ് മുള്ളേരിയ മേഖലയിൽ ബോക്സൈറ്റ് സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങൾ സ്ഥിതിചെയ്യുന്നത്. ഇതിൽ കൂടുതൽ സ്ഥലത്തും വനംവകുപ്പിന്റെ അക്കേഷ്യ തോട്ടമാണ് നിലവിലുള്ളതെന്നും അത് വെട്ടിത്തെളിച്ച് ഖനനം നടത്തുന്നതിനുള്ള അനുമതി കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നുമാണ് ജിയോളജി-വ്യവസായ വകുപ്പുകളുടെ വിലയിരുത്തൽ.
എങ്കിലും വനമേഖല ഖനനത്തിനായി വിട്ടുകിട്ടണമെങ്കിൽ പകരം അത്രതന്നെ ഭൂമി വനംവകുപ്പിന് നല്കണ്ടിവരും. ബദിയടുക്ക-എൻമകജെ മേഖലയിൽ റവന്യൂ ഭൂമിയിലും സ്വകാര്യ ഭൂമികളിലുമാണ് ധാതു സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. വനമേഖലയിൽ ഖനനം തുടങ്ങിയാൽ ശബ്ദവും പൊടിയും ആൾപ്പെരുമാറ്റവും കൂടുന്നതുമൂലം വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നത് വർധിക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്.
പകരം മറ്റു സ്ഥലങ്ങളിൽ വനവത്കരണം നടത്തുന്നതും അതിനടുത്തുള്ള ജനവാസമേഖലകളെയാണ് ദോഷകരമായി ബാധിക്കുക. ഖനനം നടത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ സ്വകാര്യ കമ്പനികൾ കൃത്യമായി പാലിക്കണമെന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.