കാണിയൂര്‍ റെയില്‍പാത: കര്‍ണാടകയ്ക്കും കേന്ദ്രത്തിനും നിവേദനം നല്കാന് കര്‍മസമിതി
1514535
Sunday, February 16, 2025 1:21 AM IST
കാഞ്ഞങ്ങാട്:സര്‍വേ പൂര്‍ത്തിയാവുകയും ആദായകരമെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ 91 കിലോമീറ്റര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് 17നു കല്യോട്ടെത്തുന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് നിവേദനം സമര്‍പ്പിക്കാന്‍ കാണിയൂര്‍പ്പാത കര്‍മസമിതി യോഗം തീരുമാനിച്ചു.
വിഷയം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മറ്റു മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്താനും മാര്‍ച്ച് രണ്ടാം വാരത്തില്‍ സമിതിയുടെ നിവേദക സംഘം ബംഗളുരുവിലേക്ക് പോകും. 18നു ഡല്‍ഹിയിലെത്തി കേന്ദ്രമന്ത്രിമാരെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും നേരില്‍ കാണാന്‍ കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ സി.കെ.ആസിഫിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. കാഞ്ഞങ്ങാട് റെയിന്‍വേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും കേന്ദ്രമന്ത്രിമാരുടെയും റെയില്‍വേ ബോര്ഡിനന്റെയും ശ്രദ്ധയില്‍പ്പെടുത്തും.
സമിതി ചെയര്മാന് പി.അപ്പുക്കുട്ടന് അധ്യക്ഷതവഹിച്ചു. സി.കെ.ആസിഫ്, സി.കെ.യൂസഫ് ഹാജി, എം.സി.ജോസ്, ടി.മുഹമ്മദ് അസ്ലം, കുഞ്ഞിക്കണ്ണന് കക്കാണത്ത്, എന്‍.അശോക് കുമാര്‍, എ.ഹമീദ് ഹാജി, അജയകുമാര്‍ നെല്ലിക്കാട്ട്, സൂര്യനാരായണഭട്ട്, സി.എ.പീറ്റര്‍, പി.മഹേഷ്, എം.കുഞ്ഞികൃഷ്ണൻ, ഐശ്വര്യ കുമാരന്, കെ.മുഹമ്മദ്കുഞ്ഞി, ഇകെകെ പടന്നക്കാട്, കെ.കെ.ബാബു എന്നിവര്‍ സംസാരിച്ചു.