കാത്തിരിപ്പിന് വിരാമം; ചേടിക്കുണ്ടിലേക്ക് പാതയൊരുങ്ങി
1514537
Sunday, February 16, 2025 1:21 AM IST
നീലേശ്വരം: കാട്ടിപ്പൊയിൽ ചേടിക്കുണ്ട് നിവാസികളുടെ ചിരകാല സ്വപ്നമായ റോഡൊരുക്കാൻ നാട്ടുകാർ ഒരുമിച്ചു. കാട്ടിപ്പൊയിൽ സ്കൂൾ മുതൽ ചേടിക്കുണ്ട് വരെ ഒരു കിലോമീറ്റർ നീളത്തിലുള്ള റോഡൊരുക്കാൻ ഈ വഴിയിലുള്ള നിരവധി കുടുംബങ്ങൾ സ്ഥലം വിട്ടുനല്‍കി. ചേടിക്കുണ്ട് കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് റോഡിന്റെ നിർമാണം പൂർത്തീകരിച്ചത്. ഇതോടെ ചേടിക്കുണ്ട് നിവാസികളുടെ കാലങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരമായി.
ഇവിടെ റോഡെന്ന ആവശ്യം ദീർഘകാലമായി ഉണ്ടായിരുന്നെങ്കിലും എല്ലാ ഭാഗങ്ങളിലും റോഡിനാവശ്യമായ വീതിയിൽ സ്ഥലം ലഭ്യമാകാത്തതാണ് പ്രശ്നമായിരുന്നത്. കാട്ടിപ്പൊയിൽ സദ്ഗമയ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ സ്ഥലമുടമകളുമായി ചർച്ച നടത്തിയാണ് എല്ലായിടങ്ങളിലും സ്ഥലം ലഭ്യമാക്കിയത്.റോഡിന് സ്ഥലം വിട്ടുനല്‍കിയവരെയും അതിന് മുൻകൈയെടുത്ത സദ്ഗമയ പ്രവർത്തകരെയും ചേടിക്കുണ്ട് കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചേർന്ന യോഗം അനുമോദിച്ചു. ജനാർദനൻ കാറളം അധ്യക്ഷത വഹിച്ചു. ജോബിൻ, ജോജി, ജസ്ന, രാജൻ, രതീഷ്, ദിവ്യേഷ് എന്നിവർ പ്രസംഗിച്ചു.