രജിസ്ട്രാര്‍ ഓഫീസുകളെ ക്യാഷ് ലെസ് ഓഫീസുകളാക്കി മാറ്റും: മന്ത്രി കടന്നപ്പള്ളി
1514538
Sunday, February 16, 2025 1:21 AM IST
കാസർഗോഡ്: എല്ലാ പണമിടപാടുകളും ഇ-പേമെന്റ് സംവിധാനത്തിലേക്ക് മാറ്റിക്കൊണ്ട് രജിസ്ട്രാര്‍ ഓഫീസുകളെ കയാഷ് ലെസ് ഓഫീസുകളാക്കി മാറ്റുമെന്ന് രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. രജിസ്ട്രേഷന് വകുപ്പ് ജീവനക്കാരുടെ ജില്ലാതല അവനലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ എന്‍ഡോഴ്സ്മെന്റ് ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആധുനികവത്കരണ നടപടികള്‍ വേഗത്തിലാക്കി വകുപ്പിന്റെ സേവനങ്ങള്‍ സുഗമവും സുതാര്യവുമായി ജനങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യം. സര്‍ക്കാരിന്റെ വരുമാന സ്രോതസുകളില്‍ രണ്ടാമത്തേതാണ് രജിസ്ട്രേഷന് വകുപ്പ്. വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വകുപ്പിനെയാകെ ആധുനികവത്കരിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നത്. രജിസ്ട്രേഷൻ നടത്തുന്നതിനുള്ള തീയതിയും സമയവും മുന്‍കൂട്ടി നിശ്ചയിക്കാനുള്ള ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. ആധാരങ്ങളുടെ പകര്‍പ്പുകള്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ ഓണ്‍ലൈനായി ലഭ്യമാക്കി വരുന്നു. ഒരു ജില്ലയ്ക്കകത്തെ ഏത് സബ് രജിസ്ട്രാറാഫീസിലും ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കി. ആദ്യമായി മുഴുവന്‍ ഓഫീസുകൾക്കും സ്വന്തം കെട്ടിടമായതും ഡിജിറ്റൈസേഷന് പൂര്‍ത്തീകരിച്ചതു കാസര്‍ഗോഡ് ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു.
രജിസ്ട്രേഷന് ഇൻസ്പെക്ടർ ജനറല്‍ ശ്രീധന്യ സുരേഷ്, നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറല്‍ ഒ.കെ. സതീഷ്, ജില്ലാ രജിസ്ട്രാര്‍ കെ.ബി. ഹരീഷ്, സബ് രജിസ്ട്രാര്‍മാരായ വി.ആര്. സുനില്‍കുമാര്‍, ആര്. വിനോദ്, വി.വി. മധുസൂദനന്, എം.കെ. ഷുക്കൂര്‍, കെ. അരുണ്‍കുമാര്‍, വി.കെ. ബേബി, എം.ജി. വിജയന്, വി.വി. സജിത്ത്, പി. അനീഷ് കുമാര്‍ എന്നിവർ സംബന്ധിച്ചു.