വികസനനേട്ടങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് എത്തണം: മന്ത്രി വി. ശിവന്‍കുട്ടി
1514539
Sunday, February 16, 2025 1:21 AM IST
ഉദുമ: വികസനത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ കളനാട് കെഎച്ച് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിലെ എല്ലാ മേഖലകളെയും പ്രതിനിധീകരിക്കുന്നുണ്ടെന്നും എല്ലാവരുടെയും ശബ്ദം കേള്‍ക്കുന്നുണ്ടെന്നും നാം ഉറപ്പാക്കണം. കാസര്‍ഗോഡിന്റെ പ്രാദേശിക സവിശേഷതകളും വികസന കാര്യങ്ങളിലെ വെല്ലുവിളികളും ഉൾക്കൊണ്ടുകൊണ്ട് സുസ്ഥിരവും സമഗ്രവുമായ വികസനത്തിലേക്കുള്ള റോഡ് മാപ്പ് ഒരുക്കാൻ ജില്ലാ പഞ്ചായത്തിന് കഴിയണമെന്ന് മന്ത്രി പറഞ്ഞു.
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. സ്കൂളുകളിലേക്കുള്ള ലാപ്ടോപ് വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഇ. ചന്ദ്രശേഖരന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സ്ഥിരം സമിതി അധ്യക്ഷരായ ഗീതാ കൃഷ്ണന്, കെ. ശകുന്തള, എസ്.എന്‍. സരിത, എം. മനു, ജില്ലാ പഞ്ചായത്ത് ആസുത്രണ സമിതി വൈസ് ചെയര്‍മാനും നവകേരളാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ കെ. ബാലകൃഷ്ണന്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എം. ലക്ഷ്മി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, പഞ്ചായത്ത് പ്രസിഡന്റുമാരായ സുഫൈജ അബുബക്കര്‍, എം. കുമാരന്, കെ. ലക്ഷ്മി, സി.കെ. അരവിന്ദന്, ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ വി.വി. രമേശന്, സി. രാമചന്ദ്രന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മധുസൂദനന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ശ്യാമലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക ടൂറിസം വികസനത്തിന്
ടൂറിസം നെറ്റ് വര്‍ക്ക്
പ്രാദേശിക ടൂറിസം വികസനത്തിന് കാസര്‍ഗോഡ്- കാഞ്ഞങ്ങാട് ടൂറിസം നെറ്റ് വര്‍ക്ക് പദ്ധതി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് വികസന സെമിനാറിൽ നിർദേശം. ബിആര്‍ഡിസിയുടെയും കെഎസ്ആര്‍ടിസിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. മണ്ണറിഞ്ഞ് കഷി എന്ന പേരില്‍ എല്ലാ പഞ്ചായത്തുകളിലും സഞ്ചരിക്കുന്ന മണ്ണ് പരിശോധന പദ്ധതി നടപ്പിലാക്കും.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന തരത്തില്‍ സണ്‍ഡേ ലാബ് പദ്ധതി, തൊഴില്‍ പരിശീലന കേന്ദ്രം, മാരക രോഗബാധിതര്‍ക്ക് സഹായം നല്‍കുന്നതിനായി ഒന്നരക്കോടി രൂപ എന്നിവയാണ് ശ്രദ്ധേയമായ മറ്റു നിർദേശങ്ങൾ. അർബുദ രോഗികള്‍ക്ക് മരുന്ന് വാങ്ങിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേന സഹായം നല്‍കും. ഗ്രാമീണ റോഡ് വികസനത്തിന് മൂന്ന് കോടി രൂപയും നൈപുണ്യ വികസനത്തിന് 70 ലക്ഷവും മാറ്റിവയ്ക്കും.