കൊല്ലാടയിലെ ‘കുഞ്ഞൂഞ്ഞ് ഭവനത്തിന്റെ’ താക്കോൽ കൈമാറി
1515256
Tuesday, February 18, 2025 2:16 AM IST
കമ്പല്ലൂർ: ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് നടപ്പാക്കുന്ന മികവോടെ മലയോരം പദ്ധതിയുടെ ഭാഗമായി കൊല്ലാടയിലെ നിർധന കുടുംബത്തിന് നിർമിച്ചുനല്കിയ ‘കുഞ്ഞൂഞ്ഞ് ഭവനത്തിന്റെ’ താക്കോൽ കൈമാറി. ഷാഫി പറമ്പിൽ എംപിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും ചേർന്നാണ് ചെറുവിള പുത്തൻവിളയിൽ ഷൈജു - ഷീജ ദമ്പതിമാർക്ക് താക്കോൽ കൈമാറിയത്.
ഈസ്റ്റ് എളേരി പഞ്ചായത്ത് 13, 14 വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീട് നിർമിച്ചത്. ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ്മാരായ ജോസഫ് മുത്തോലി, ഗിരിജാ മോഹനൻ, രാജു കട്ടക്കയം, കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജ് കരിമഠം എന്നിവർ സംബന്ധിച്ചു.
നാടിന് മാതൃകയായി
‘മികവോടെ മലയോരം’
എംഎൽഎമാരെയോ എംപിമാരെയോ പോലെ മണ്ഡലവികസനത്തിന് പ്രത്യേക ഫണ്ടൊന്നുമില്ലാത്ത ജില്ലാ പഞ്ചായത്ത് തലത്തിലുള്ള ഒരു ജനപ്രതിനിധിക്ക് തന്റെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് എങ്ങനെയെല്ലാം വികസന-ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാനാവുമെന്ന കാര്യത്തിൽ നാടിന് മാതൃകയാവുകയാണ് ചിറ്റാരിക്കാൽ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസിന്റെ മികവോടെ മലയോരം പദ്ധതി. സന്നദ്ധ സംഘടനകളും സാമൂഹിക കൂട്ടായ്മകളും മുതൽ സാധാരണക്കാരായ ജനങ്ങളുടെയുൾപ്പെടെ പങ്കാളിത്തത്തോടെയാണ് ചിറ്റാരിക്കാൽ ഡിവിഷൻ പരിധിയിൽ വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കിയത്. ഈ നിരയിൽ ഏറ്റവുമൊടുവിലത്തേതാണ് കമ്പല്ലൂർ കൊല്ലാടയിലെ നിർധന കുടുംബത്തിന് നിർമിച്ചുനല്കിയ കുഞ്ഞൂഞ്ഞ് ഭവനം.
നേരത്തേ കോവിഡ് കാലത്ത് സൗജന്യ ആംബുലൻസ് സൗകര്യം, കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി 25 ഓളം ടിവി സെറ്റുകളുടെയും മൊബൈൽ ഫോണുകളുടെയും വിതരണം, കുട്ടികൾക്കായി ഓൺലൈൻ കലോത്സവം എന്നിവ നടത്തിയിരുന്നു. തുടർന്നുള്ള എല്ലാ വർഷങ്ങളിലും ഡിവിഷൻ പരിധിയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുന്ന മുഴുവൻ കുട്ടികൾക്കും പ്രത്യേക ആദരം, ഓരോ വർഷവും 100 വീതം കുട്ടികൾക്ക് സൗജന്യ സ്കൂൾ കിറ്റുകൾ, ഭിന്നശേഷിക്കാർക്ക് വീൽചെയർ വിതരണം, നിരവധി പേർക്ക് ചികിത്സാസഹായം, ജീവകാരുണ്യ മേഖലയിലെ മറ്റ് ഇടപെടലുകൾ, മലയോരമേഖലയിൽ ലഹരിക്കെതിരായി പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ പ്രചാരണ പരിപാടികൾ എന്നിവയും ശ്രദ്ധേയമായി.