കാട്ടാനക്കൂട്ടവുമെത്തി; ദേലംപാടി പഞ്ചായത്തിൽ വൻ കൃഷിനാശം
1515850
Thursday, February 20, 2025 1:45 AM IST
അഡൂർ: പുലിഭീതി ശമനമില്ലാതെ തുടരുന്നതിനിടെ ദേലംപാടി പഞ്ചായത്തിൽ കാട്ടാനക്കൂട്ടവുമെത്തി. നാല് ആനകളടങ്ങിയ കൂട്ടമാണ് കഴിഞ്ഞദിവസം രാത്രി പഞ്ചിക്കല്ലിലെ പി. ദയാനന്ദയുടെ കൃഷിയിടത്തിലെത്തി വ്യാപകനാശം വരുത്തിയത്. വളർച്ചയെത്തിയ മുപ്പതോളം കവുങ്ങുകളാണ് കാട്ടാനകൾ മറിച്ചിട്ട് കുത്തിക്കീറി ഭക്ഷണമാക്കിയത്. ഒട്ടനവധി വാഴകളും നശിപ്പിച്ചു. കൃഷിയിടത്തിലെ ജലസേചന പൈപ്പുകളും സ്പ്രിംഗ്ളറുകളും ചവിട്ടിത്തകർത്തു. വർഷങ്ങളുടെ അധ്വാനമാണ് ഒറ്റ രാത്രി കൊണ്ട് ഇല്ലാതായതെന്ന് ജയാനന്ദ പറഞ്ഞു.
ചാമക്കൊച്ചി മുതൽ അഡൂർ തലപ്പച്ചേരി വരെയുള്ള ഭാഗത്ത് സൗരോർജ തൂക്കുവേലി സ്ഥാപിച്ചതിനാൽ കാട്ടാനകളെത്തുന്നത് കുറഞ്ഞിട്ടുണ്ട്. മുൻകാലങ്ങളിലേതുപോലെ വേലിക്കു മുകളിലേക്ക് മരത്തടികൾ വീഴ്ത്തി ചുരുക്കം ചിലത് മാത്രമാണ് വേലി മറികടക്കുന്നത്. വേലി സ്ഥാപിക്കാൻ ബാക്കിയുള്ള ഭാഗത്തുകൂടിയാണ് കാട്ടാനക്കൂട്ടം ദേലംപാടിയിലും പഞ്ചിക്കല്ലിലും എത്തുന്നത്.
അതിർത്തിക്കപ്പുറം കർണാടകയിലെ സുള്ള്യ മണ്ടെക്കോൽ വനമേഖലയിൽ ദിവസങ്ങളായി കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. അവിടെനിന്നാണ് ആനകൾ ദേലംപാടിയിലെത്തുന്നത്. മണ്ടെക്കോലിലെ ജനവാസമേഖലകളിലും പതിവായി ആനയിറങ്ങുന്നുണ്ട്. കർണാടക വനംവകുപ്പുമായി സഹകരിച്ച് ആനകളെ ഇവിടെനിന്ന് ഉൾവനത്തിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.