കേബിളുകള്‍ ഉപയോഗപ്രദമാക്കാന്‍ വീണ്ടും ശ്രമം
1515253
Tuesday, February 18, 2025 2:16 AM IST
കാഞ്ഞങ്ങാട്: 19 വര്‍ഷം മുമ്പ് രണ്ടു കോടി രൂപ ചെലവില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ സ്ഥാപിച്ച ഭൂഗര്‍ഭ വൈദ്യുതി കേബിളുകള്‍ ഉപയോഗപ്രദമാക്കാന്‍ വീണ്ടും ശ്രമം. കാഞ്ഞങ്ങാട് ഫീഡറില്‍ നിന്ന് ചിത്താരി ഫീഡറിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ഈ കേബിളുകള്‍ ഉപയോഗപ്പെടുത്താനാകുമോ എന്നാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി കെഎസ്ഇബിയുടെ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം കേബിളുകള്‍ പരിശോധിച്ചു.
നഗരത്തില്‍ മുഴുവന്‍ സമയവും തടസമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 2006 ലാണ് ഭൂഗര്‍ഭ വൈദ്യുതി കേബിളുകള്‍ സ്ഥാപിച്ചത്. എന്നാല്‍ തൊട്ടടുത്ത് വൈദ്യുതി കേബിളുകള്‍ വരുന്നത് തങ്ങളുടെ കേബിളുകളുടെ സുരക്ഷയെ ബാധിക്കുമെന്നുപറഞ്ഞ് ബിഎസ്എന്‍എല്ലും കേബിളുകള്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തത് കുടിവെള്ള പൈപ്പുകളെ ബാധിക്കുമെന്നു പറഞ്ഞ് ജല അഥോറിറ്റിയും എതിര്‍പ്പുമായി രംഗത്തെത്തിയതോടെ കേബിളുകളിലൂടെ വൈദ്യുതി കടത്തിവിടാനായില്ല.
ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചതിനു പിന്നാലെ കെഎസ്ടിപി റോഡ് വികസനത്തിന്റെ പേരില്‍ നഗരത്തിലെല്ലായിടത്തും റോഡ് കുഴിക്കുന്ന അവസ്ഥയായി. പല ഭാഗങ്ങളിലും വൈദ്യുതി കേബിളുകള്‍ മുറിഞ്ഞുപോവുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
റോഡുപണിയെല്ലാം കഴിഞ്ഞ് കേബിളുകള്‍ വീണ്ടും ഉപയോഗപ്രദമാക്കാന്‍ ശ്രമിക്കുമ്പോഴേക്കും 12 വര്‍ഷത്തോളം കഴിഞ്ഞിരുന്നു. കെഎസ്ഇബി അധികൃതര്‍ നടത്തിയ പരിശോധനയില്‍ പലയിടങ്ങളിലും തകരാറുകള്‍ സംഭവിച്ചതായി കണ്ടെത്തി. വലിയ തകരാറുകളെല്ലാം പരിഹരിച്ചെങ്കിലും അപ്പോഴേക്കും നഗരത്തിലെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ രൂപരേഖയില്‍ കാര്യമായ മാറ്റം വന്നിരുന്നു.
നഗരപരിധിയിലെ 10 ട്രാന്‍സ്ഫോര്‍മറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാണ് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചിരുന്നത്. വീണ്ടും കേബിളുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോഴേക്കും ട്രാന്‍സ്ഫോര്‍മറുകളുടെ എണ്ണം 40 ആയി ഉയര്‍ന്നിരുന്നു. കെട്ടിടസമുച്ചയങ്ങളുടെയും വൈദ്യുതി കണക്ഷനുകളുടെയും എണ്ണവും നാലിരട്ടിയോളമായി. ഇതോടെ കൂടുതല്‍ കേബിളുകള്‍ സ്ഥാപിക്കുകയും നിലവിലുള്ളവയുടെ രൂപരേഖ മാറ്റുകയും ചെയ്യാതെ ഇവയില്‍നിന്ന് വൈദ്യുതി കണക്ഷനുകള്‍ നല്കാന് കഴിയില്ലെന്ന നിലയായി.അങ്ങനെയാണ് രണ്ടു കോടി രൂപയുടെ ഭൂഗര്‍ഭ കേബിളുകള്‍ ഒരുതവണ പോലും ഉപയോഗിക്കാതെ മണ്ണിനടിയില്‍ വെറുതേ കിടക്കുന്ന സ്ഥിതി വന്നത്.
കാഞ്ഞങ്ങാട് ടിബി റോഡ് മുതല്‍ അജാനൂര്‍ പഞ്ചായത്തില്‍ ചിത്താരി ഫീഡറിന്റെ ഭാഗമായ അതിഞ്ഞാല്‍ വരെയാണ് ഭൂഗര്‍ഭ വൈദ്യുതി കേബിളുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇക്കാര്യം പരിഗണിച്ചാണ് ചിത്താരി ഫീഡറിലേക്ക് എളുപ്പത്തില്‍ വൈദ്യുതിയെത്തിക്കാന്‍ ഇവ പ്രയോജനപ്പെടുത്താവുന്നതാണെന്ന നിര്‍ദേശം വന്നത്. ഇവ സ്ഥാപിച്ചത് റോഡിന്റെ പടിഞ്ഞാറുവശത്തും ഇപ്പോള്‍ സിറ്റി ഗ്യാസ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നത് കിഴക്കുവശത്തുമായതിനാല് ഇവ തമ്മില്‍ അപകടസാധ്യതയുണ്ടാവില്ലെന്നാണ് വിദഗ്ധസംഘത്തിന്റെ വിലയിരുത്തല്‍.