കെട്ടിടവും സൗകര്യങ്ങളുമുണ്ട്, ഡോക്ടർമാരും ജീവനക്കാരുമില്ല
1510092
Saturday, February 1, 2025 2:08 AM IST
കാഞ്ഞങ്ങാട്: നഗരമധ്യത്തിൽ മനോഹരമായ മൂന്നുനിലക്കെട്ടിടം. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായുള്ള ജില്ലയിലെ ഏക ആശുപത്രി. ഉദ്ഘാടനം കഴിഞ്ഞിട്ട് നാലുവർഷമാകുന്നു. പ്രവർത്തനം തുടങ്ങിയിട്ട് രണ്ടുവർഷവും.
പക്ഷേ ഇവിടെ ആകെയുള്ളത് ഒരു ശിശുരോഗ വിദഗ്ധനും ഒരു ഗൈനോക്കോളജിസ്റ്റും എൻഎച്ച്എം വഴി താത്കാലികമായി നിയമിച്ച മറ്റൊരു ഗൈനോക്കോളജിസ്റ്റും നാല് അസി. സർജന്മാരും മാത്രം. അതുതന്നെ ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ നിന്ന് ജോലി ക്രമീകരണത്തിന്റെ ഭാഗമായി മാറ്റി നിയമിച്ചതാണ്. നഴ്സുമാരും മറ്റു ജീവനക്കാരുമൊന്നും ആവശ്യത്തിനില്ല.
ഗർഭിണികൾക്കായാലും കുട്ടികൾക്കായാലും കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ ജില്ലാ ആശുപത്രിയിലേക്കു തന്നെ മാറ്റേണ്ട അവസ്ഥയാണ്. ഒരു ശസ്ത്രക്രിയ നടത്തണമെങ്കിൽ ജില്ലാ ആശുപത്രിയിൽ നിന്ന് അനസ്തിസ്റ്റിനെ എത്തിക്കണം.
കടലാസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയാണെങ്കിലും സുരക്ഷാ ജീവനക്കാർ പോലുമില്ലാത്തതിനാൽ രാത്രി എട്ടുമണിയോടെ പുറത്തെ വാതിൽ അടയും. അത്യാവശ്യഘട്ടങ്ങളിൽ രോഗികളുമായി എത്തുന്നവർ പുറത്തുനിന്ന് വിളിച്ചാലേ വാതിൽ തുറക്കൂ.
ദോഷം പറയരുതല്ലോ. ആവശ്യത്തിന് ഡോക്ടർമാരോ നഴ്സുമാരോ മറ്റ് ജീവനക്കാരോ ഇല്ലാത്തതുകൊണ്ട് രോഗികളും കാര്യമായി എത്താറില്ല. ആകെ 75 കിടക്കകളുണ്ടെങ്കിലും ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെവച്ച് ഡ്യൂട്ടി ഡോക്ടർ പ്രാഥമിക പരിശോധന നടത്തി ജില്ലാ ആശുപത്രിയിലേക്ക് പറഞ്ഞയക്കുന്നതിനേക്കാൾ ഭേദം നേരിട്ട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതാണെന്ന് നാട്ടുകാർ വിചാരിച്ചാൽ കുറ്റം പറയാനാവില്ലല്ലോ.
നഗരമധ്യത്തിൽ നേരത്തേ ജില്ലാ ആശുപത്രിയും പിന്നീട് കേന്ദ്രീയ വിദ്യാലയവും പ്രവർത്തിച്ചിരുന്ന സ്ഥലത്ത് 9.24 കോടി രൂപ ചെലവിലാണ് ഗവ. അമ്മയും കുഞ്ഞും ആശുപത്രിക്കായി കെട്ടിടം നിർമിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2021 ഫെബ്രുവരിയിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വന്ന് ധൃതിപിടിച്ച് ഉദ്ഘാടനവും നടത്തി.
അന്ന് ഈ കെട്ടിടത്തിനകത്ത് കട്ടിലോ കിടക്കകളോ പോലുമുണ്ടായിരുന്നില്ല. മുകളിലേക്ക് കയറാൻ ലിഫ്റ്റും സ്ഥാപിച്ചിരുന്നില്ല. ഇതൊന്നുമില്ലാതെ ഉദ്ഘാടനം നടത്തിയ ആശുപത്രി രണ്ടുവർഷമായിട്ടും തുറന്നു പ്രവർത്തിപ്പിക്കാത്തതിനെതിരെ പ്രതിപക്ഷകക്ഷികളും യുവജന സംഘടനകളും നിരന്തര സമരം നടത്തിയതിനു ശേഷമാണ് 2023 മാർച്ച് 30 മുതൽ ആശുപത്രി പ്രവർത്തനസജ്ജമാക്കിയത്. അതും പക്ഷേ ഇത്തരത്തിലാണെന്നു മാത്രം.
സ്ത്രീകൾക്കും കുട്ടികൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തി 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുമെന്നായിരുന്നു ആശുപത്രി വീണ്ടും തുറന്നപ്പോൾ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രഖ്യാപനം. അതും വെറുംവാക്കായി. കുട്ടികൾക്കായുള്ള അത്യാധുനിക ഐസിയു ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അതിന് തൊട്ടുമുമ്പ് കോടികൾ ചെലവഴിച്ച് ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ചതാണ്. അതെല്ലാം പൊളിച്ചുമാറ്റി ഇങ്ങോട്ട് കൊണ്ടുവരികയെന്നത് പ്രായോഗികമായിരുന്നില്ല.
എങ്കിലും ഈ ആശുപത്രിയുടെ സാധാരണ പ്രവർത്തനം ഉറപ്പുവരുത്താൻ അഞ്ചു വീതം ഗൈനക്കോളജിസ്റ്റുകളും ശിശുരോഗ വിദഗ്ധരുമടക്കമുള്ള സ്പെഷ്യാലിറ്റി ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരുമടക്കം 152 ജീവനക്കാരുടെ സ്റ്റാഫ് പാറ്റേൺ ജില്ലാ മെഡിക്കൽ ഓഫീസ് തയാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയേറ്റർ, കിടത്തി ചികിത്സ എന്നിവയടക്കമുള്ള സൗകര്യങ്ങളുടെ രൂപരേഖയും തയാറാക്കി സമർപ്പിച്ചിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അതിനൊന്നും അംഗീകാരമായില്ല.
ജില്ലാ ആശുപത്രിയിൽനിന്നും പഴയ ടാറ്റ ആശുപത്രിയിൽ നിന്നും നീലേശ്വരം, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രികളിൽ നിന്നും ജോലി ക്രമീകരണം വഴി നിയമിച്ച ചുരുക്കം ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും കൊണ്ട് തൃപ്തിപ്പെടാനാണ് അമ്മയും കുഞ്ഞും ആശുപത്രിക്ക് ഇപ്പോഴും യോഗം.