ജപ്തിഭീഷണി നേരിട്ട എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയുടെ കുടുംബത്തിന് ആശ്വാസം
1509884
Friday, January 31, 2025 6:55 AM IST
മഞ്ചേശ്വരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് കണ്ണീരോടെ കഴിയുകയായിരുന്ന കുടുംബത്തിന് ആശ്വാസം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മീഞ്ച പഞ്ചായത്ത് ബാളിയൂര്‍ സ്വദേശിനി തീര്‍ഥയുടെ കുടുംബത്തിന്റെ കടബാധ്യത എ.കെ.എം. അഷ്റഫ് എംഎല്‍എ ഏറ്റെടുത്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ എംഎല്‍എ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ തീര്‍ത്ഥയുടെ വീട് സന്ദര്‍ശിക്കുകയും അവരുടെ ഇപ്പോഴത്തെ കടബാധ്യത പൂര്‍ണമായും താന്‍ ഏറ്റെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
വീട്ടിലെത്തിയ എംഎല്‍എ ബാങ്ക് അധികൃതരുമായി സംസാരിച്ച് പരമാവധി ഇളവ് ആവശ്യപ്പെടുകയുമായിരുന്നു. ഇളവ് നല്‍കാമെന്നും ബാങ്ക് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ബാക്കിയാവുന്ന ബാധ്യത എത്രതന്നെയാണെങ്കിലും അതു മുഴുവന്‍ താന്‍ അടച്ചുതീര്‍ക്കുമെന്നും കിടപ്പാടം നഷ്ടമാകില്ലെന്നും എംഎല്‍എ കുടുംബത്തോട് അറിയിച്ചു.
രണ്ടരലക്ഷം രൂപയായിരുന്നു ജപ്തി നടപടികൾ ഒഴിവാക്കാൻ ബാങ്കിൽ അടയ്ക്കേണ്ടിയിരുന്ന തുക. തീര്‍ഥയുടെ കുടുംബം കേരള ഗ്രാമീണ ബാങ്ക് ബാളിയൂര്‍ ശാഖയില്‍ നിന്ന് ആറുലക്ഷം രൂപയായിരുന്നു വായ്പ എടുത്തത്.
കഴിഞ്ഞ ദിവസമാണ് മീഞ്ച പഞ്ചായത്തിലെ ബാളിയൂറിലെ തീര്‍ത്ഥയുടെ കുടുംബത്തിന്റെ വീടും സ്ഥലവും ലേലത്തില്‍ വെച്ചിട്ടുള്ളതായി അറിയിച്ച് കേരള ഗ്രാമീണ്‍ ബാങ്ക് വീടിന് മുന്നില്‍ ഫ്ലക്സ് വലിച്ചു കെട്ടിയിരുന്നു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രി, കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജപ്തി നടപടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ഇതിനിടയിലാണ് എംഎല്‍എ ദുരിതബാധിതയുടെ വീട് സന്ദര്‍ശിച്ച് കടബാധ്യത ഏറ്റെടുക്കുമെന്ന് അറിയിച്ചത്.