അടുത്ത ആർആർടി കാസർഗോട്ട്: മന്ത്രി ശശീന്ദ്രൻ
1509888
Friday, January 31, 2025 6:55 AM IST
വെള്ളരിക്കുണ്ട്: കാസർഗോഡ് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ദ്രുതകർമസേന അനുവദിക്കുന്നത് സജീവ പരിഗണനയിലാണെന്നും ഇനി അനുവദിക്കുന്ന ആദ്യത്തെ ആർആർടി കാസർഗോഡ് ജില്ലയ്ക്ക് ആയിരിക്കുമെന്നും വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിൽ വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനമേഖലയിലെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് 640 കോടി രൂപയുടെ പദ്ധതി തയാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അതിൽ നടപടി ഉണ്ടായിട്ടില്ല. വനാതിർത്തിയിൽ ജനങ്ങൾക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കും.
വന്യമൃഗ ആക്രമണങ്ങൾക്ക് പരിഹാരം കാണുന്നതിന് ദീർഘകാല അടിസ്ഥാനത്തിൽ ഉള്ളതും ഹൃസ്വകാല അടിസ്ഥാനത്തിലു ഉള്ളതുമായ പദ്ധതികൾ നടപ്പിലാക്കും. വയനാട്ടിലും കണ്ണൂരിലും സമയബന്ധിതമായി നടപ്പിലാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ഇതേപോലുള്ള പദ്ധതികൾ കാസർഗോഡ് ജില്ലയിലും ആവിഷ്കരിച്ച് നടപ്പാക്കും. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായ പരിശീലനം നൽകുന്നതിനും നടപടി സ്വീകരിക്കും. ജനങ്ങൾക്ക് അനുകൂലമായി കോടതികളിൽ നിന്നുണ്ടാകുന്ന ഉത്തരവുകൾ നടപ്പാക്കുന്നതിന് വനംവകുപ്പ് ഉദ്യോഗസ്ഥർ തടസം നിൽക്കരുതെന്നും മന്ത്രി പറഞ്ഞു.
അത്തിയടുക്കം നിവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം, വനംവകുപ്പിന് അനുവദിച്ച വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്, വനനീർ പദ്ധതി പ്രഖ്യാപനം, ആദിവാസി മേഖലയില്‍ കുടിവെള്ള പദ്ധതിക്കുള്ള വനഭൂമി കൈമാറല്‍ എന്നിവ മന്ത്രി നിർവഹിച്ചു.
ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ പ്രതീക് ജയിൻ വിശിഷ്ടാതിഥിയായി. ജില്ലാപഞ്ചായത്തംഗം ജോമോന് ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, പഞ്ചായത്തംഗം മോൻസി ജോയ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എ. അപ്പുക്കുട്ടന്, എം.പി. ജോസഫ്, എന്‍. പുഷ്പരാജന്‍, ബെന്നി നാഗമറ്റം, എ.സി.എ. ലത്തീഫ്, ജോസ് കാക്കകൂടുങ്കല്‍, ജെറ്റോ ജോസഫ്, മത്തായി ആനമറ്റം, കെ.ടി. സക്കറിയ, കെ.സി. മുഹമ്മദ്കുഞ്ഞി, നന്ദകുമാര്‍, ജോര്‍ജ്കുട്ടി തോമസ്, സണ്ണി അരമന, കെ.എസ്. മണി, വി.കെ. രമേശന്, ജില്ലാ ഇന്‍ഫര്‍മേന്‍ ഓഫീസര്‍ എം. മധുസൂദനന്, കാസർഗോഡ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി. രതീശന്, വെള്ളരിക്കുണ്ട് താഹസില്ദര് പി.വി. മുരളി എന്നിവര്‍ പ്രസംഗിച്ചു. കണ്ണൂര്‍ നേര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എസ്. ദീപ സ്വാഗതവും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. അഷറഫ് നന്ദിയും പറഞ്ഞു.