രാജ്മോഹന്‍ ഉണ്ണിത്താന്റെ ഉപവാസസമരം വിജയിപ്പിക്കും: കോണ്‍ഗ്രസ്
1510094
Saturday, February 1, 2025 2:08 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ ജനവാസമേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാത്ത കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിക്ഷേധിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എംപി എട്ടിനു രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതുവരെ ബോവിക്കാനത്ത് നടത്തുന്ന 12 മണിക്കൂര്‍ ഉപവാസസമരം വിജയിപ്പിക്കാന്‍ ഡിസിസി നേതൃയോഗം തീരുമാനിച്ചു.
സാധാരണക്കാരായ ജനങ്ങളുടെ ആശ്രയകേന്ദ്രമായ റേഷന്‍ കടകളിലും മാവേലി സ്റ്റോര്‍, സപ്ലൈകോകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച് ആറിനു ജില്ലയിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഡിസിസി വൈസ് പ്രസിഡന്റുമാരായി നിയമിതരായ സാജിദ് മവ്വല്‍, ജയിംസ് പന്തമാക്കല്‍ എന്നിവര്‍ ചുമതല ഏറ്റെടുത്തു. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ. നീലകണ്ഠന്, സേവാദള്‍ സംസ്ഥാന ചെയര്മാന് രമേശന് കരുവാച്ചേരി, നേതാക്കളായ മീനാക്ഷി ബാലകൃഷ്ണന്, എം.സി. പ്രഭാകരന്, പി.വി. സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാര്‍, വി.ആര്. വിദ്യാസാഗര്‍, കെ.വി. സുധാകരന്, സി.വി. ജയിംസ്, മാമുനി വിജയന്, ആര്. ഗംഗാധരന്, കെ.വി. വിജയന്, മഡിയന്‍ ഉണ്ണികൃഷ്ണന്, മധുസൂദനന് ബാലൂര്‍, ഉമേശന് വേളൂര്‍, കെ.വി. ഭക്തവത്സലന്, ടി. ഗോപിനാഥന് നായര്‍, എം. രാജീവന് നമ്പ്യാര്‍, മിനി ചന്ദ്രന്, എ. വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.