പിലിക്കോട് ഗവ. ഐടിഐയ്ക്ക് സ്വന്തം കെട്ടിടം; കോടോത്തും ഭീമനടിയിലും കാത്തിരിപ്പ് നീളും
1510093
Saturday, February 1, 2025 2:08 AM IST
കാഞ്ഞങ്ങാട്: അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പിലിക്കോട് ഗവ. ഐടിഐക്ക് സ്വന്തം കെട്ടിടമാകുന്നു. നിർമാണപ്രവൃത്തിയുടെ ഉദ്ഘാടനം ഈ മാസം 15 ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. 2019 ലാണ് കാലിക്കടവിലെ വാടക കെട്ടിടത്തിൽ ഐടിഐ പ്രവർത്തനം തുടങ്ങിയത്. ടൗണിനു സമീപം തന്നെ സർക്കാർ അനുവദിച്ച സ്ഥലത്ത് മൂന്നു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പാണ് കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കിയത്.
എന്നാൽ ഇതിനും വർഷങ്ങൾക്കുമുമ്പ് തുടങ്ങിയ കോടോം ഗവ. ഐടിഐയ്ക്കും ഭീമനടി ഗവ. വനിതാ ഐടിഐയ്ക്കും സ്വന്തം കെട്ടിടത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. 2017 ൽ തുടങ്ങിയ കോടോം ഐടിഐ ഇപ്പോഴും പഞ്ചായത്ത് ഒരുക്കി നൽകിയ താത്കാലിക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
പുതിയ കെട്ടിടത്തിനായി 2020-21 ലെ സംസ്ഥാന ബജറ്റിൽ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതിനായി സ്ഥലം കണ്ടെത്താൻ വൈകിയതോടെ പ്രവർത്തനങ്ങൾ വഴിമുട്ടി. ഒടുവിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് 2022 സെപ്റ്റംബറിലാണ് കോടോം കാഞ്ഞിരത്തുങ്കാലിൽ 1.7 ഏക്കർ റവന്യൂ ഭൂമി അനുവദിച്ചത്.
എന്നാൽ സാങ്കേതിക കുരുക്കുകളെ തുടർന്ന് ഭൂമി കൈമാറുന്നത് പിന്നെയും നീണ്ടുപോയി. ഒടുവിൽ സ്ഥലം കൈമാറിക്കിട്ടുകയും പൊതുമരാമത്ത് കെട്ടിടനിർമാണ വിഭാഗം കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കി സമർപ്പിക്കുകയും ചെയ്തിട്ടും രൂപരേഖയ്ക്ക് അംഗീകാരം കിട്ടാൻ വൈകുകയാണ്. അതു കഴിഞ്ഞു മാത്രമേ ടെൻഡർ വിളിച്ച് നിർമാണം തുടങ്ങാനാകൂ.
11 വർഷം മുമ്പ് തുടങ്ങിയ ഭീമനടി ഗവ. വനിതാ ഐടിഐയ്ക്കും ഏതാണ്ട് ഇതേ അവസ്ഥയാണ്. വെസ്റ്റ് എളേരി പഞ്ചായത്ത് ഒരുക്കി നൽകിയ താത്കാലിക കെട്ടിടത്തിന്റെ പരിമിതികൾക്കുള്ളിലാണ് ഇപ്പോഴും ഐടിഐ പ്രവർത്തിക്കുന്നത്. ഷീറ്റിട്ട ചെറിയ കെട്ടിടത്തിൽ നിന്നുതിരിയാൻ പോലും സ്ഥലമില്ല.
സ്വന്തം കെട്ടിടം നിർമിക്കുന്നതിനായി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ താലോലപ്പൊയിലിൽ സ്ഥലം ഏറ്റെടുത്തെങ്കിലും സാങ്കേതിക തടസങ്ങളുടെ പേരിൽ അത് കൈമാറിക്കിട്ടാൻ വർഷങ്ങളുടെ കാലതാമസം വന്നു. ഇപ്പോഴും അതിർത്തി നിർണയം കൃത്യമായി പൂർത്തിയായിട്ടില്ല. ഇതെല്ലാം പരിഹരിച്ചു മാത്രമേ കെട്ടിടത്തിന്റെ രൂപരേഖ പോലും തയാറാക്കാൻ കഴിയൂ എന്ന നിലയാണ്.
സ്വന്തം കെട്ടിടവും സൗകര്യങ്ങളുമില്ലാത്തതിനാൽ മലയോരമേഖലയിലെ ഈ രണ്ട് ഐടിഐകളിലും പുതിയ ട്രേഡുകൾ പോലും അനുവദിക്കാനാകാത്ത നിലയാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിൽ പോലും നൂറുകണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും ഇവിടങ്ങളിൽ നിന്ന് തൊഴിൽ പരിശീലനം നേടിയിറങ്ങുന്നത്.