കൺമുന്നിൽ ഫ്ലൈ ഓവർ; കാസർഗോഡ് അഗ്നിരക്ഷാസേനയ്ക്കും വഴിമുട്ടുന്നു
1509887
Friday, January 31, 2025 6:55 AM IST
കാസർഗോഡ്: ദേശീയപാതാ നവീകരണം അവസാനഘട്ടത്തിലെത്തിയതോടെ കൺമുന്നിൽ കെട്ടിയുയർത്തിയ മതിലുകൾക്കിരുവശത്തുമായി പെട്ടുപോയ നാട്ടുകാരുടെയും വ്യാപാരസ്ഥാപനങ്ങളുടെയും അവസ്ഥ ജില്ലയിലുടനീളം കാണുന്നുണ്ട്. എന്നാൽ കാസർഗോഡ് നഗരത്തിൽ ഈ അവസ്ഥയിൽ പെട്ടുപോയിരിക്കുന്നത് അടിയന്തിര ആവശ്യങ്ങൾക്ക് ഓടിയെത്താനുള്ള അഗ്നിരക്ഷാസേനയാണ്.
കാസർഗോഡ് നഗരമധ്യത്തിലെ ഫ്ലൈ ഓവർ കടന്നുപോകുന്നത് കറന്തക്കാട്ടെ അഗ്നിരക്ഷാനിലയത്തിന് തൊട്ടുമുന്നിലൂടെയാണ്. ഇടുങ്ങിയ ഒറ്റവരി സർവീസ് റോഡ് മാത്രമാണ് അഗ്നിരക്ഷാനിലയത്തിനും ഫ്ലൈ ഓവറിനും ഇടയിലുള്ളത്. അഗ്നിരക്ഷാ നിലയത്തിൽനിന്ന് ഫയർ എൻജിനുകളും വെള്ളവും വഹിച്ചുള്ള വലിയ ലോറികൾക്ക് കടന്നുപോകാൻ ഇനി ഈ വഴി മാത്രമേയുള്ളൂ. തിരിച്ചെത്തണമെങ്കിൽ ഒൻപതു കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ച് ചൗക്കിയിലെ അടിപ്പാത കടക്കണം.
സർവീസ് റോഡുകളിലും അടിപ്പാതയിലും അഗ്നിരക്ഷാസേനയുടെ വലിയ വാഹനങ്ങൾ പെട്ടുപോയാൽ ഗതാഗതക്കുരുക്ക് ഉറപ്പാണ്. തീ കെടുത്തുന്നതും രക്ഷാപ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള അടിയന്തിര ആവശ്യങ്ങൾക്ക് കാലതാമസം നേരിടുകയും ചെയ്യും.
പ്രശ്നം പരിഹരിക്കാൻ ഈ ഭാഗത്ത് സർവീസ് റോഡ് രണ്ടുവരിയാക്കണമെന്ന ആവശ്യമുണ്ടെങ്കിലും ഇനി അത് എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തിൽ സംശയമുണ്ട്. സർവീസ് റോഡിന്റെ വീതി കൂട്ടാൻ കൂടുതൽ ദൂരം സ്ഥലമേറ്റെടുക്കാനും ഇനി ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ ഇനി അഗ്നിരക്ഷാനിലയം തന്നെ ഇവിടെനിന്ന് മാറ്റേണ്ടിവരും.
സമീപത്തെ ഇന്ധന പമ്പ് ഉടമകളും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. പമ്പിലേക്ക് ഇന്ധനവും വഹിച്ചെത്തുന്ന കൂറ്റൻ ടാങ്കറുകൾക്ക് സർവീസ് റോഡിൽ വഴിമുട്ടുമെന്നതാണ് പ്രശ്നം. സിഎൻജി ഉൾപ്പെടെയുള്ള ഇന്ധനങ്ങൾ നിറയ്ക്കാൻ സൗകര്യമുള്ള ഈ പമ്പിലേക്ക് വാഹനങ്ങൾ എത്തിക്കാനും ഇനി പ്രയാസമാകും. നിറയ്ക്കുന്ന ഇന്ധനത്തിൽ നല്ലൊരു ശതമാനം ഒൻപത് കിലോമീറ്റർ അകലെയുള്ള അടിപ്പാത ചുറ്റിവരാൻ തന്നെ ചെലവാകുമെന്ന നിലയാണ്.