മയക്കുമരുന്ന് കേസിലെ പ്രതി പ്ലക്കാര്‍ഡ് പിടിക്കേണ്ട; ക്ലാസില്‍ പങ്കെടുത്താല്‍ മതി
1509953
Friday, January 31, 2025 8:01 AM IST
കാഞ്ഞങ്ങാട്: മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ മയക്കുമരുന്നിനെതിരെ ബോധവത്കരണം നടത്തുന്ന പ്ലക്കാര്‍ഡുമായി തുടര്‍ച്ചയായി അഞ്ചുദിവസം പൊതുസ്ഥലത്ത് നില്‍ക്കണമെന്ന ജാമ്യവ്യവസ്ഥ കാസര്‍ഗോഡ് സെഷന്‍സ് കോടതി പിന്‍വലിച്ചു.
എംഡിഎംഎ കടത്തിനിടെ അറസ്റ്റിലായ പടന്നക്കാട് കുറുന്തൂര്‍ സ്വദേശി അബ്ദുള്‍ സഫ്വാന്റെ (25) ജാമ്യാപേക്ഷയിലാണ് ജഡ്ജി സാനു എസ്. പണിക്കര്‍ അപൂര്‍വ വ്യവസ്ഥ മുന്നോട്ടുവച്ചത്.
ഇതിനെതിരെ സഫ്വാന് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. പകരം രണ്ടുദിവസം ലഹരിവിരുദ്ധക്ലാസില് കോടതി നിര്‍ദേശിച്ചു. ത്വക്ക് രോഗബാധിതനായ തനിക്ക് പ്ലക്കാർഡ് പിടിച്ചുനിൽക്കണമെന്ന് വ്യവസ്ഥ പാലിക്കാനാവില്ലെന്നും പൊതുസ്ഥലത്ത് മണിക്കൂറുകളോളം നില്ക്കേണ്ടിവന്നാല് കാന്‍സര്‍, നേത്രരോഗങ്ങള്‍ എന്നിവ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സഫ്വാന് പറഞ്ഞിരുന്നു. 2024 മേയ് 18 നാണ് 30.6 ഗ്രാം എംഡിഎംഎയുമായി സഫ്വാന് അറസ്റ്റിലായത്. എട്ടു മാസത്തോളമായി കണ്ണൂര്‍ സെന്‍ട്രര്‍ ജയിലില്‍ റിമാന്‍ഡിലാണ്.