നുള്ളിപ്പാടിയില്‍ വീണ്ടും ദേശീയപാത നിര്‍മാണം തടഞ്ഞു
1509885
Friday, January 31, 2025 6:55 AM IST
കാസര്‍ഗോഡ്: നുള്ളിപ്പാടി ദേശീയപാതയിൽ അടിപ്പാത അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തില്‍ നിര്‍മാണ പ്രവൃത്തി തടഞ്ഞു. പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി.
നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തോളമായി സമരം നടന്നുവരികയാണ്.
നടപടിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പ് സമരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ നിര്‍മാണ പ്രവൃത്തി തടഞ്ഞിരുന്നു. അന്ന് ഡിവൈഎസ്പിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ജനുവരി 29 വരെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും 29നകം തീരുമാനമായില്ലെങ്കില്‍ 30നു നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനും ധാരണയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ പ്രവൃത്തി വീണ്ടും ആരംഭിച്ചത്. ഇതോടെ സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്നാണ് പോലീസ് സംഘം സമരക്കാരെ അറസ്റ്റു ചെയ്ത് നീക്കിയത്.