പുലിഭീതി: മടിക്കൈയിൽ ആർആർടി സംഘം പരിശോധന നടത്തി
1489818
Tuesday, December 24, 2024 11:42 PM IST
കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം പുലി വീട്ടുമുറ്റത്തുനിന്ന് ആടിനെ പിടിച്ച മടിക്കൈ കാഞ്ഞിരപ്പൊയിൽ കണ്ണാടിപ്പാറയിൽ വനംവകുപ്പിന്റെ ആർആർടി സംഘം പരിശോധന തുടങ്ങി. പുലിയെ കണ്ട സ്ഥലത്തിനു സമീപം കാമറ ട്രാപ്പ് സ്ഥാപിച്ചു. അടുത്തുള്ള കുറ്റിക്കാടുകളിലും പാറമടകളിലും പരിശോധന നടത്തി.
കാസർഗോഡ് നിന്നെത്തിയ ആറംഗ സംഘത്തിനൊപ്പം നാട്ടുകാരും തെരച്ചിലിൽ പങ്കെടുത്തു. പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള പത്തേക്കറോളം സ്ഥലം കാട് മൂടി കിടക്കുന്നുണ്ട്. ഇത് അടിയന്തിരമായി വെട്ടിത്തെളിക്കാൻ സ്ഥലമുടമയോട് ആവശ്യപ്പെട്ടു.
ആർആർടി ടീം രാത്രിയും തെരച്ചിൽ തുടരുമെന്ന് കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ പറഞ്ഞു. കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞാൽ ഉടൻതന്നെ കൂട് സ്ഥാപിക്കും. കാഞ്ഞിരപ്പൊയിൽ തോട്ടിനാട്ടെ പച്ചക്കുണ്ടിൽ ചന്തുക്കുട്ടിയുടെ ആടിനെയാണ് കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ പുലി കടിച്ചു കൊന്നത്.
ആളുകളുടെ ബഹളം കേട്ട് ആടിന്റെ ജഡം ഉപേക്ഷിച്ച് ഓടിമറഞ്ഞ പുലി അല്പസമയത്തിനുശേഷം വീണ്ടുമെത്തി ഒരു ഭാഗം കടിച്ചുകൊണ്ടുപോയിരുന്നു.
ജഡത്തിന്റെ ബാക്കി ഭാഗങ്ങൾ വനംവകുപ്പ് അധികൃതരുടെ പരിശോധനയ്ക്കുശേഷം മറവുചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീതയും പോലീസും സ്ഥലത്തെത്തി.
കാസർഗോഡ് താലൂക്കിലെ മുളിയാർ, കാറഡുക്ക പഞ്ചായത്തുകൾക്ക് പിന്നാലെയാണ് ഹോസ്ദുർഗ് താലൂക്കിലെ മടിക്കൈയിലും പുലി വീട്ടുമുറ്റത്തെത്തുന്നത്.
രണ്ടു പ്രദേശങ്ങളും തമ്മിൽ ഏറെ ദൂരമുള്ളതിനാൽ ഒരേ പുലിയല്ലെന്ന കാര്യം വ്യക്തമാണ്. കരിന്തളം ഓമച്ചേരിയിലെ റബർ തോട്ടത്തിലും കഴിഞ്ഞദിവസം പുലിയെ കണ്ടിരുന്നു.