വിവേചനം അവസാനിപ്പിക്കാൻ സ്ത്രീകൾ സ്വയംപര്യാപ്തരാകണം: സ്പീക്കർ
1489729
Tuesday, December 24, 2024 6:50 AM IST
നീലേശ്വരം: സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള മാർഗം സ്ത്രീകൾ മികച്ച വിദ്യാഭ്യാസം നേടുകയും സ്വയംപര്യാപ്തരാവുകയുമാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. മടിക്കൈ പഞ്ചായത്തിന്റെ ജ്വലിത ജെൻഡർ സ്റ്റാറ്റസ് പഠനപുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് ഓഫീസിന്റെ ഹരിത ഓഫീസ് പ്രഖ്യാപനവും സ്പീക്കർ നിർവഹിച്ചു.
സ്ത്രീകൾക്ക് സമൂഹത്തിൽ അർഹമായ പ്രാതിനിധ്യവും അംഗീകാരവും ലഭിക്കണം. പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാൻ കഴിയണം. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിൽ കുടുംബശ്രീ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.
മടിക്കൈ പഞ്ചായത്ത് ജീവനക്കാരനായ സിനിമാ തിരക്കഥാകൃത്ത് സുജിത്ത് നമ്പ്യാരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. കിലയുടെ സഹകരണത്തോടെ തയാറാക്കിയ ലിംഗപദവി പഠനപുസ്തകം ആസൂത്രണസമിതി അംഗം കെ. സുജാത പരിചയപ്പെടുത്തി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ, അബ്ദുൽ റഹ്മാൻ, പി. സത്യ, ടി. രാജൻ, രമ പത്മനാഭൻ, എ. വേലായുധൻ, ശൈലജ, പഞ്ചായത്ത് സെക്രട്ടറി കെ. ബിജു, കെ.വി. കുമാരൻ, സി. പ്രഭാകരൻ, എം. രാജൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, പി.പി. രാജു, ബി. നാരായണൻ, വി.വി. ശാന്ത, എ. രമണി എന്നിവർ പ്രസംഗിച്ചു.