ദുർമന്ത്രവാദത്തിനും ആഭിചാര ക്രിയകൾക്കുമെതിരെ ജാഗ്രതാ സമിതികൾ ഇടപെടണം: വനിതാ കമ്മീഷൻ
1489725
Tuesday, December 24, 2024 6:50 AM IST
കാസർഗോഡ്: മലബാർ മേഖലയിൽ പലയിടങ്ങളിലും സ്ത്രീകളെ മുൻനിർത്തിയുള്ള ദുർമന്ത്രവാദവും ആഭിചാരക്രിയകളും രഹസ്യമായി നടക്കുന്നതായി വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സ്ത്രീകളെ ഈ രീതിയിൽ ചൂഷണം ചെയ്യുന്നതിനെതിരെ ജാഗ്രത സമിതികൾ ഇടപെടണമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അംഗം പി. കുഞ്ഞായിഷ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മീഷൻ അദാലത്തിനുശേഷം പ്രസംഗിക്കുകയായിരുന്നു അവർ.
സാധാരണക്കാരായ സ്ത്രീകളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ദുർമന്ത്രവാദത്തിലേക്കും ആഭിചാരക്രിയകളിലേക്കും പോകാൻ പ്രേരിപ്പിക്കുന്നവർക്കെതിരെ നടപടി ആവശ്യമാണെന്ന് അവർ പറഞ്ഞു.
കുടുംബ പ്രശ്നങ്ങളെ യുവതലമുറ വൈകാരികമായി സമീപിക്കുന്നത് വർധിച്ചു വരികയാണെന്ന് കമ്മീഷൻ അംഗം വിലയിരുത്തി. ഇവർ വിട്ടുവീഴ്ചകൾക്ക് തയാറാകുന്നില്ല. വഴിത്തർക്കങ്ങളും സാമ്പത്തിക ഇടപാടുകളും സ്ത്രീകളെ മുൻനിർത്തി കൈകാര്യം ചെയ്യുന്ന പ്രവണതയും വർധിച്ചു വരികയാണ്.
മുതിർന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് കോടതിയിൽ നിന്ന് ഉത്തരവുണ്ടായിട്ടും ആവശ്യമായ സംരക്ഷണം നൽകിയില്ലെന്ന പരാതിയും കമ്മീഷന്റെ മുന്നിലെത്തി.ഇന്നലെ നടത്തിയ സിറ്റിംഗിൽ 38 പരാതികൾ പരിഗണിച്ചു. ഇതിൽ ഏഴെണ്ണം തീർപ്പാക്കി. 31 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. അഡ്വ.പി. സിന്ധു, എഎസ്ഐ അനിത, ലീഗൽ അസിസ്റ്റന്റ് രമ്യ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ജ്യോതി എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.