തമ്പാൻ ചോദിക്കുന്നു, ഈ റോഡ് ഒന്ന് ടാർ ചെയ്തു തരാമോ..?
1489817
Tuesday, December 24, 2024 11:42 PM IST
വെള്ളരിക്കുണ്ട്: മരത്തിൽ നിന്നും വീണതിനെ തുടർന്ന് 20 വർഷമായി ശരീരത്തിന്റെ ഒരു ഭാഗം തളർന്നു കിടക്കുകയാണ് ചെമ്പൻകുന്നിലെ തമ്പാൻ. തകർന്നു കിടക്കുന്ന കിഴക്കേ ചെമ്പൻകുന്ന് - കൂരാംകുണ്ട് മൺപാതയ്ക്കു സമീപമാണ് തമ്പാന്റെ വീട്. ആശുപത്രിയിൽ പോകണമെങ്കിൽ ഓട്ടോറിക്ഷ പോലും ഇതുവഴി വരില്ല. മിക്കപ്പോഴും തൊട്ടടുത്ത ടാർ റോഡ് വരെ ചുമന്നു കൊണ്ടുപോകേണ്ട അവസ്ഥയാണ്.
നാട്ടുവഴികൾ പോലും മെക്കാഡം ടാറിംഗ് നടത്തുന്ന കാലത്തും മൺപാതയായി കിടക്കുകയാണ് വെള്ളരിക്കുണ്ട് ടൗണിന് വളരെ അടുത്തുള്ള കിഴക്കേ ചെമ്പൻകുന്ന് - കൂരാംകുണ്ട് റോഡ്. കിനാനൂർ-കരിന്തളം പഞ്ചായത്ത് പത്താം വാർഡിൽ ഉൾപ്പെട്ട 19 കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. റോഡ് ഒന്നു ടാർ ചെയ്തു കിട്ടുന്നതിനായി ഇനി ഏതു വാതിൽ മുട്ടണമെന്നറിയാതെ വലയുകയാണ് തമ്പാന്റേതുൾപ്പെടെയുള്ള കുടുംബങ്ങൾ. റോഡ് ടാർ ചെയ്തിരുന്നെങ്കിൽ താനടക്കം രോഗാവസ്ഥയിലുള്ള പലർക്കും ആശുപത്രിയിലും മറ്റാവശ്യങ്ങൾക്കും പോകാൻ അത് വളരെ ഉപകാരപ്രദമാകുമെന്ന് തമ്പാൻ പറയുന്നു.
ഈ ആവശ്യമുന്നയിച്ച് നിരവധി തവണ പഞ്ചായത്തിനെയും ബ്ലോക്കിനെയും സമീപിച്ചെങ്കിലും ഫണ്ടില്ല എന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. സംസ്ഥാന സർക്കാരിന്റെ കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായുള്ള വെള്ളരിക്കുണ്ട് താലൂക്ക് അദാലത്തിൽ ഈ ആവശ്യം വീണ്ടും ഉന്നയിക്കാനൊരുങ്ങുകയാണ് ഇപ്പോൾ ഇവർ.